ദീപാവലിക്ക് ശേഷം ഡൽഹിയിലെ വായു മലിനീകരണം അതി രൂക്ഷമായി തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിസിബി) കണക്കനുസരിച്ച് ദേശീയ തലസ്ഥാനം വിഷ പുകയിൽ മുങ്ങിയിരിക്കുകയാണ്. ഡൽഹിയിലെ മിക്ക പ്രദേശങ്ങളിലും ഗുരുതര വിഭാഗത്തിലുള്ള എയർ ക്വാളിറ്റി ഇൻഡക്‌സാണ് (എക്യുഐ) രേഖപ്പെടുത്തിയത്.ദീപാവലി ദിനത്തിൽ പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനം സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്നെങ്കിലും ഡൽഹി നിവാസികൾ ഇത് ലംഘിച്ചിരുന്നു. ഇതോടെയാണ് വായു മലിനീകരണം വീണ്ടും രൂക്ഷമായത്. രാവിലെ ആറു മണിക്ക്, ബവാനയിലെ എക്യുഐ 434, ദ്വാരക സെക്ടർ 8 ൽ 404, ഐടിഒയിൽ 430, മുണ്ട്കയിൽ 418, നരേലയിൽ 418, ഓഖ്‌ലയിൽ 402, രോഹിണിയിലും ആർകെ പുരത്തും 417 എന്നിങ്ങനെ ആയിരുന്നു. ചൊവ്വാഴ്ച രാവിലെ ദേശീയ തലസ്ഥാനത്തെ വായു നിലവാരം ഗുരുതര വിഭാഗത്തിലാണെന്നും സഫർ-ഡാറ്റയും കാണിക്കുന്നു.
ദീപാവലിക്ക് തൊട്ടുമുമ്പ് നഗരത്തിൽ പെയ്ത മഴയെത്തുടർന്ന് വായു ഗുണനിലവാരം മെച്ചപ്പെട്ടിരുന്നു.പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യുഐ നല്ലത്, 51, 100 തൃപ്‌തികരം, 101-ഉം 200 മിതമായത്, 201-ഉം 300-ഉം ‘കുഴപ്പമില്ലത്തത്, 301-ഉം 400-ഉം വളരെ മോശം, 401-ഉം 450-ഉം അതിനുമുകളിലും വരുന്നത് പ്ലസ് വിഭാഗം അഥവാ ഗുരുതര വിഭാഗം എന്നിങ്ങനെയാണ് എക്യുഐ. എട്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച വായു നിലവാരമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയത്. എന്നാൽ ദീപാവലി ആഘോഷത്തിന് പിന്നാലെ നഗരത്തിൽ മലിനീകരണ തോത് ഉയർന്നതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ദീപാവലി ദിനത്തിൽ നഗരത്തിലെ പടക്ക നിരോധനം പാലിക്കാത്തതിൽ അഭിമാനമുണ്ടെന്ന് ഡൽഹി ബിജെപി വൈസ് പ്രസിഡന്റ് കപിൽ മിശ്ര പ്രതികരിച്ചു.
ഇത് പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശബ്ദങ്ങളാണെന്നാണ് മിശ്ര പറഞ്ഞത്.പടക്കം പൊട്ടിക്കുന്നത് നിരോധിച്ചത് അശാസ്ത്രീയമായതും യുക്തിരഹിതവും സ്വേച്ഛാധിപത്യപരവുമാണെന്നാണ് എക്‌സിലെ ഒരു പോസ്റ്റിൽ ബിജെപി നേതാവ് വിശേഷിപ്പിച്ചത്. “ഡൽഹി, നിങ്ങളിൽ അഭിമാനിക്കുന്നു. ഇത് പ്രതിരോധത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ശബ്ദങ്ങളാണ്. അശാസ്ത്രീയവും യുക്തിരഹിതവും സ്വേച്ഛാധിപത്യപരവുമായ നിരോധനത്തെ ജനങ്ങൾ ധീരമായി എതിർക്കുകയാണ്. ദീപാവലി ആശംസകൾ” ബിജെപി നേതാവ് പറഞ്ഞു. ദീപാവലിക്ക് ശേഷം മലിനീകരണം വർധിച്ചതിന് പിന്നിലെ കാരണം നഗരത്തിൽ പടക്കം പൊട്ടിക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയ ഗോപാൽ റായിയുടെ പരാമർശത്തെയും മിശ്ര കുറ്റപ്പെടുത്തി.കഴിഞ്ഞയാഴ്ച ഡൽഹിയിലെ വായു ഗുണനിലവാര സൂചിക 500 ആയിരുന്നുവെന്നും ദീപാവലിക്ക് ശേഷം അത് 296 ആണെന്നും മലിനീകരണത്തിന് പടക്കങ്ങളെ കുറ്റപ്പെടുത്തുന്നത് വിഡ്ഢിത്തം ആണെന്നും ബിജെപി നേതാവ് പറഞ്ഞു. പടക്കങ്ങൾ മലിനീകരണത്തിന് കാരണമാകുകയാണെങ്കിൽ, ഇസ്രയേൽ ബോംബെറിയുന്ന ഗാസയിൽ ലോകത്തിലെ ഏറ്റവും ഉയർന്ന മലിനീകരണമുണ്ടാകുമെന്ന് മിശ്ര ആരോപിച്ചു.
“മലിനീകരണം എങ്ങനെ കുറഞ്ഞു? പടക്കങ്ങളിൽ നിന്നുള്ള മലിനീകരണം ഉണ്ടായിരുന്നെങ്കിൽ, ലോകത്തിലെ ഏറ്റവും ഉയർന്ന മലിനീകരണം ഗാസയിലാ യിരിക്കും. മലിനീകരണത്തിനെതിരെ പോരാടുക” ബിജെപി പറഞ്ഞു. പടക്കങ്ങൾ ഉപയോഗിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ബിജെപിയെ തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെയും വിമർശിച്ചു. “ബിജെപിയുടെ ഹിന്ദു അഭിമാനമെന്ന ആശയം നിങ്ങളെയും നിങ്ങളുടെ കുട്ടികളെയും വിഷവായു കൊണ്ട് ശ്വാസം മുട്ടിക്കുകയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യം നശിപ്പിക്കുകയും ചെയ്യുന്നു,” എക്‌സിൽ അദ്ദേഹം പറഞ്ഞു. “ഓർക്കുക, ബിജെപിയുടെ ഈ സമ്പന്ന നേതാക്കൾ വീടുകളിൽ ഒന്നിലധികം എയർ പ്യൂരിഫയറുകളുമായി ജീവിക്കുന്നു, കൂടാതെ മികച്ച വൈദ്യചികിത്സയ്ക്ക് പ്രവേശനമുണ്ട്. അവരുടെ വിഷലിപ്തമായ വർഗീയ അജണ്ടയിൽ വീണുകൊണ്ട്, നിങ്ങൾ നിങ്ങളുടെ സ്വന്തം കുടുംബങ്ങളെ നശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. നിങ്ങളുടെ അപകടാവസ്ഥയിൽ, അവർ നിങ്ങളോടൊപ്പമുണ്ടാകില്ല,” അദ്ദേഹം എഴുതി.