മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി എൻഐഎ റെയ്‌ഡ്.

0
76

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)  റെയ്‌ഡ്. ബുധനാഴ്ച എൻഐഎ നടത്തിയ റെയ്ഡുകളിൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട്  44 പേരെ അറസ്റ്റ് ചെയ്തതായി വൃത്തങ്ങൾ അറിയിച്ചു. കൂടാതെ, കേന്ദ്ര അന്വേഷണ ഏജൻസി ഒന്നിലധികം സ്ഥലങ്ങളിൽ മനുഷ്യക്കടത്ത് സംഘത്തിന്റെ അഞ്ച് താവളങ്ങളും തകർത്തു. ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിന്റെയും (ബിഎസ്‌എഫ്) സംസ്ഥാന പോലീസ് സേനയുടെയും സംയുക്ത സഹകരണത്തോടെയാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തിൽ ഉൾപ്പെട്ടിരിക്കുന്ന അനധികൃത മനുഷ്യക്കടത്ത് ശൃംഖലകൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയ്ഡ്.

ഗുവാഹത്തി, ചെന്നൈ, ബാംഗ്ലൂർ, ജയ്പൂർ എന്നിവിടങ്ങളിലെ എൻഐഎ ഓഫീസുകളിൽ നാല് മനുഷ്യക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ്, സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 55 സ്ഥലങ്ങളിൽ ഒരേസമയം റെയ്ഡുകൾ നടത്തിയത്.ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഹരിയാന, രാജസ്ഥാൻ, ജമ്മു കശ്മീർ, പുതുച്ചേരി എന്നിവടങ്ങളിലാണ്  പരിശോധന നടത്തിയതെന്ന് എൻഐഎ വക്താവ് അറിയിച്ചു. ഈ വർഷം സെപ്റ്റംബർ ഒമ്പതിന് അസം പോലീസിന്റെ പ്രത്യേക ദൗത്യ സേന (എസ്ടിഎഫ്) മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. റോഹിങ്ക്യൻ വംശജർ ഉൾപ്പെടെ, ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്ന് ഇന്ത്യയിലേക്കെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തിന് ഉത്തരവാദികളായ മനുഷ്യക്കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ടാണിതെന്നും അധികൃതർ പറഞ്ഞു. ഈ ശൃംഖലയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതായാണ് റിപ്പോർട്ട്.

കേസിന്റെ അന്താരാഷ്‌ട്ര-അന്തർസംസ്ഥാന ബന്ധം തിരിച്ചറിഞ്ഞ് ഒക്ടോബർ ആറിന് എൻഐഎ ഔദ്യോഗികമായി കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന നടത്തിയ അന്വേഷണത്തിൽ മനുഷ്യക്കടത്ത് ശൃംഖല തമിഴ്‌നാട്, കർണാടക, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here