മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകാന്‍ ബി എസ് പിയുടെ നീക്കം.

0
73

മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകാന്‍ ബി എസ് പിയുടെ നീക്കം. ഇതിനായി പ്രാദേശിക ഗോത്രവര്‍ഗ സംഘടനയായ ഗോണ്ട്വാന ഗാന്തന്ത്ര പാര്‍ട്ടിയുമായി (ജി ജി പി) ബി എസ് പി സഖ്യമുണ്ടാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിനൊപ്പം തന്നെ ബി ജെ പിക്കും വെല്ലുവിളിയാണ് ബി എസ് പിയുടെ പുതിയ നീക്കം. അഭിപ്രായ സര്‍വേകളെല്ലാം മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിച്ചിരിക്കുന്നത്.അതിനാല്‍ ഇന്ത്യാ മുന്നണിയിലെ കക്ഷികളായ എസ് പി, ആം ആദ്മി പാര്‍ട്ടി എന്നിവരെ കൂടാതെ ബി എസ് പിയും ജി ജി പിയും മത്സരിക്കുന്നത് മധ്യപ്രദേശില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും കേവല ഭൂരിപക്ഷം ലഭിക്കാന്‍ തടസമാകും എന്നാണ് വിലയിരുത്തല്‍.

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ നാല് പാര്‍ട്ടികളും 8.74% വോട്ടുകള്‍ നേടിയിരുന്നു. ഇതാണ് കോണ്‍ഗ്രസിനും ബി ജെ പിക്കും കേവല ഭൂരിപക്ഷം ലഭിക്കുന്നതിന് തടസമായത്.ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 114 സീറ്റുകള്‍ ലഭിച്ചു, ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവ്. 0.13% വോട്ടിന്റെ വ്യത്യാസത്തില്‍ ബി ജെ പി 109 സീറ്റുകളും നേടി. മധ്യപ്രദേശിനെ കൂടാതെ ഛത്തീസ്ഗഡിലും ബി എസ് പി-ജി ജി പിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. ബി എസ് പി-ജി ജി പി സഖ്യം മധ്യപ്രദേശില്‍ 186 സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും വെവ്വേറെയാണ് മത്സരിച്ചത്. 2018 ലെ തിരഞ്ഞെടുപ്പില്‍ 230 സീറ്റുകളില്‍ 227 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ ബി എസ് പി 5.1% വോട്ടുകളും രണ്ട് സീറ്റും നേടിയിരുന്നു.

2013 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 1.29 ശതമാനത്തിന്റെ ഇടിവ് ബി എസ് പി വോട്ടില്‍ ഉണ്ടായിരുന്നു. ചമ്പല്‍ മേഖലയിലെ ബിന്ദ് സീറ്റും ബുന്ദേല്‍ഖാന്റെ ദാമോ ജില്ലയിലെ പതാരിയ സീറ്റുമാണ് ബി എസ് പി കഴിഞ്ഞ തവണ നേടിയത്.സബല്‍ഗഡ്, ജൗറ, ഗ്വാളിയോര്‍ റൂറല്‍, പോഹ്രി, രാംപൂര്‍-ബഗേലാന്‍, ദിയോതാലാബ് എന്നീ ആറ് സീറ്റുകളില്‍ ബി എസ് പി രണ്ടാം സ്ഥാനത്തായിരുന്നു. ബി എസ് പി അധ്യക്ഷ മായാവതി നവംബര്‍ 6 മുതല്‍ 14 വരെ സംസ്ഥാനത്തെ ഗ്വാളിയോര്‍-ചമ്പല്‍, ബുന്ദേല്‍ഖണ്ഡ്, മഹാകൗശല്‍ മേഖലകള്‍ കേന്ദ്രീകരിച്ച് ഒമ്പത് റാലികള്‍ നടത്തും എന്ന് അറിയിച്ചിട്ടുണ്ട്. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 17 നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here