സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയെ ന്യായീകരിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും. ജനങ്ങള്‍ ഇതിനായി തയ്യാറാവണം. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് വീണ്ടും സർക്കാർ വക തിരിച്ചടിയായി വൈദ്യുതി നിരക്ക് കൂട്ടിയത്. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർധനയുണ്ടാകും. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
25 മുതൽ 40 ശതമാനം വരെ നിരക്ക് കൂട്ടണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് മുന്നിൽ വെച്ച ആവശ്യം. എന്നാൽ ഇത് അംഗീകരിച്ചില്ല. നിലവിൽ പരമാവധി 20 ശതമാനമാണ് കൂട്ടിയത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്. അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ലെന്നാണ് അറിയിച്ചത്.
നിലവിൽ നവംബറിലും യൂണിറ്റിന് 19 പൈസ സർചാർജ് പിരിക്കാൻ നേരത്തെ ബോർഡ് തീരുമാനിച്ചിരുന്നു. അതിന് പുറമെയാണ് നിരക്ക് കൂടുന്നത്. ഇന്നലെ വൈദ്യുതി നിരക്കിൽ തീരുമാനം എടുക്കാൻ ചേർന്ന റെഗുലേറ്ററി കമ്മീഷൻ യോഗം ഒരംഗത്തിന് ദേഹാസ്വാസ്ഥ്യം വന്നതിനെ തുടർന്ന് പാതി വഴിയിൽ അവസാനിപ്പിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സർചാർജ് പിൻവലിക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്ത മാസവും ഇത് തുടരാനാണ് തീരുമാനം. വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തുന്നതിന് പകരമാണ് സർചാർജ് ഏർപ്പെടുത്തിയത്. ഏപ്രിൽ മാസത്തിൽ യൂണിറ്റിന് 9 പൈസ സർചാർജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്‌ടം നികത്താൻ ശ്രമം തുടങ്ങിയത്. പിന്നീടിത് 19 പൈസയാക്കി ഉയർത്തുകയായിരുന്നു.
ജൂൺ മാസം ഒന്ന് മുതലാണ് അതുവരെ ഈടാക്കിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി സർചാർജ് ഈടാക്കാൻ തീരുമാനിച്ചത്. ഇതോടെ യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് ലഭിച്ചിരുന്നത്.
ആദ്യ ഘട്ടത്തിൽ യൂണിറ്റിന് 44 പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചത്. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ ബോര്‍ഡിന് പരമാവധി 19 പൈസ വരെ സർചാർജ് ഈടാക്കാമെന്ന ചട്ടപ്രകാരമാണ് വർധന നടപ്പാക്കിയത്.
ഒമ്പത് പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ റെഗുലേറ്ററി കമ്മീഷന്‍ നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന് പുറമെയാണ് ജൂൺ മുതൽ പത്ത് പൈസ കൂടി കെഎസ്ഇബി അധികമായി സർചാർജ് ഇനത്തിൽ ഈടാക്കുന്നത്.