ഐവിഎഫ് ഡോക്ടറായി ഉണ്ണി മുകുന്ദന്‍; ‘ഗെറ്റ് സെറ്റ് ബേബി’യില്‍ നിഖില വിമല്‍ നായിക.

0
65

നടന്‍ ഉണ്ണി മുകുന്ദന്‍ ഡോക്ടറാകുന്നു. ഐ വി എഫ് സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദൻ നായകനാകുന്നത്.  ഫാമിലി എൻ്റർടെയിനറായി ഒരുക്കുന്ന സിനിമയില്‍ നിരവധി വൈകാരികമുഹൂർത്തങ്ങളെ നർമ്മത്തിൽ ചാലിച്ച് കുടുംബപ്രേക്ഷകരിലെത്തും.

ദേശീയ അവാർഡ് നേടിയ മേപ്പടിയാൻ, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ കുടുംബ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഉണ്ണിമുകുന്ദന്റെ  തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ഗെറ്റ് സെറ്റ് ബേബിയില്‍. പ്രതീക്ഷകളോടെ ജീവിതത്തെ കാണുന്ന ശക്തമായ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രേക്ഷകരുടെ ഇഷ്ടതാരം നിഖില വിമലാണ്. വിനയ് ഗോവിന്ദാണ് സംവിധാനം.

സജീവ് സോമൻ, സുനിൽ ജെയിൻ, പ്രക്ഷാലി ജെയിൻ, സാം ജോർജ്ജ് എന്നിവരാണ് സ്കന്ദ സിനിമാസിൻ്റെയും കിംഗ്സ്മെൻ എൽ എൽ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിർമ്മിക്കുന്നത്.  വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. ആധുനികജീവിതത്തിലെ രസങ്ങളും സംഭവങ്ങളും വൈകാരിക മുഹൂർത്തങ്ങളും ഇടകലർത്തി പ്രേക്ഷകർക്ക് ആസ്വാദനത്തിൻ്റെ പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ഒരു ടോട്ടൽ എൻ്റർടെയിനറായിരിക്കും ഗെറ്റ് സെറ്റ് ബേബി എന്ന് അണിയറപ്രവർത്തകര്‍ പറയുന്നു.

പ്രശസ്ത സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണനാണ് ചിത്രസംയോജനം. അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് സാം സി എസ് ആണ്. സുനിൽ കെ ജോർജ് ആണ്പ്രൊഡക്ഷൻ ഡിസൈനർ. വസ്ത്രാലങ്കാരം സമീറാ സനീഷ്. പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ. ചിത്രത്തിൻ്റെ ഷൂട്ടിംഗ് അടുത്ത വർഷം ആദ്യം ആരംഭിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here