രാഷ്ട്രീയ പാർട്ടികള്‍ക്ക് ചിഹ്നം അനുവദിച്ചു

0
87

തിരുവന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മത്സരിക്കുന്നതിന് ദേശീയ പാർട്ടികളും സംസ്ഥാന പാർട്ടികളും ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ വിജ്ഞാപനം അനുസരിച്ച് പി ജെ ജോസഫ് നയിക്കുന്ന കേരള കോണ്‍ഗ്രസിന് കസേര ചിഹ്നവും കെബി ഗണേഷ് കുമാറിന്റെ കേരള കോണ്‍ഗ്രസ് ബിക്ക് ഉദയസൂര്യനും ചിഹ്നമായി ലഭിച്ചു.
കേരള കോണ്‍ഗ്രസ് ജേക്കബിന് ബാറ്ററി ടോര്‍ച്ചും കേരള കോണ്‍ഗ്രസ് സെക്യുലറിന് ഇലക്ട്രിക് ബള്‍ബും ലഭിച്ചപ്പോള്‍ മന്ത്രി ആന്റണി രാജുവിന്റെ പാർട്ടിയായ ജനാധിപത്യ കേരള കോണ്‍ഗ്രസിന് സ്കൂട്ടറും ചിഹ്നമായി ലഭിച്ചു.

രാഷ്ട്രീയ ജനതാദള്‍ – റാന്തല്‍, എന്‍ സി പി – ക്ലോക്ക്, ഫോര്‍വേഡ് ബ്ലോക്ക് – സിംഹം, സി പി ഐ (എം എല്‍ ) റെഡ് സ്റ്റാര്‍ – ബെല്‍, സി എം പി – നക്ഷത്രം, കോണ്‍ഗ്രസ് എസ് – കായ്ഫലമുള്ള തെങ്ങ് എന്നിങ്ങനേയും ചിഹ്നമായി അനുവദിച്ചു.
ഐ എന്‍ എല്‍ – തുലാസ്, ജെ എസ് എസ് – ബസ്, ജെ എസ് എസ് (രാജന്‍ ബാബു വിഭാഗം) – ജീപ്പ്, ലോക്ജനശക്തി പാര്‍ട്ടി – ബംഗ്ലാവ്, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് – ഗ്ലാസ് ടംബ്ലര്‍, പി ഡി പി – ബോട്ട്, ആര്‍ എം പി – ഫുട്‌ബോള്‍, സമാജ്‌വാദി പാര്‍ട്ടി – സൈക്കിള്‍, എസ് ഡി പി ഐ – കണ്ണട, വെല്‍ഫേര്‍ പാര്‍ട്ടി – ഗ്യാസ് സിലിണ്ടര്‍ എന്നിങ്ങനെയാണ് മറ്റ് പാർട്ടികളുടെ ചിഹ്നങ്ങള്‍.
ചിഹ്നം സംബന്ധിച്ച ആക്ഷേപങ്ങൾ ഒക്ടോബർ 30 വരെ കമ്മീഷൻ സെക്രട്ടറിക്ക് രേഖാമുലം സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.

കരട് വിജ്ഞാപനം www.sec.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്.കരട് വിജ്ഞാപനത്തിൽ ഉൾപ്പെടാത്തവർക്ക് പുതിയതായി ചിഹ്നം ആവശ്യമെങ്കിൽ ഒക്ടോബർ 30 നകം അപേക്ഷിക്കണം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. മറ്റ് സംസ്ഥാനങ്ങളിലെയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയോ അംഗീകൃത പാർട്ടികൾക്കും, കേരള അസംബ്ലിയിലോ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലോ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികൾക്കുമാണ് അത്തരത്തിൽ അപേക്ഷിക്കാവുന്നത്. ദേശീയ പാർട്ടികളായ ആം ആദ്മി പാർട്ടി (ചൂല്), ബഹുജൻ സമാജ് പാർട്ടി (ആന), ഭാരതീയ ജനതാ പാർട്ടി (താമര), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്‌സിസ്റ്റ്) (ചുറ്റികയും അരിവാളും നക്ഷത്രവും), ഇൻഡ്യൻ നാഷണൽ കോൺഗ്രസ് (കൈ), നാഷണൽ പീപ്പിൾസ് പാർട്ടി (ബുക്ക്) എന്നിവർക്കും കേരള സംസ്ഥാന പാർട്ടികളായ ജനതാദൾ (സെക്കുലർ) (തലയിൽ നെൽക്കതിരേന്തിയ കർഷക സ്ത്രീ), കേരള കോൺഗ്രസ് (എം) (രണ്ടില), ഇൻഡ്യൻ യൂണിയൻ മുസ്ലീം ലീഗ് (ഏണി), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (മൺവെട്ടിയും മൺകോരിയും), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (ധാന്യക്കതിരും അരിവാളും) എന്നിവർക്കും ചിഹ്നങ്ങൾ ഇതിനകം അനുവദിച്ച് ഉത്തരവായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here