ഗാസയില്‍ സമ്പൂര്‍ണ ആധിപത്യത്തിന് നീക്കം ശക്തമാക്കി ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്). കര ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ സൈന്യം ഗാസയില്‍ ‘പ്രാദേശിക’ റെയ്ഡുകള്‍ ആരംഭിച്ചു. തങ്ങളുടെ രാജ്യം തിരിച്ചടിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയും പുറത്തുവന്നിട്ടുണ്ട്.
നേരത്തെ കര ആക്രമണം പ്രതീക്ഷിച്ച് ഇസ്രായേല്‍ 24 മണിക്കൂര്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതോടെ പതിനായിരങ്ങള്‍ വടക്കന്‍ ഗാസയില്‍ നിന്ന് തെക്കോട്ട് പലായനം ചെയ്യുകയാണ്. ഒരാഴ്ച മുമ്പ് ഹമാസ് തീവ്രവാദി സംഘം നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് മറുപടിയായാണ് ഇസ്രയേലിന്റെ ഈ നടപടി.ഒക്ടോബര്‍ 7ന് യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേലില്‍ 1,300-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. പലസ്തീനിലെ ഗാസയിലും വെസ്റ്റ് ബാങ്കിലും 1,900-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വെള്ളിയാഴ്ച തെക്കന്‍ ലെബനനില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ആറ് മാധ്യമപ്രവര്‍ത്തകര്‍ക്കും ഷെല്ലാക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.