ബീഹാറിൽ നോർത്ത് ഈസ്റ്റ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; 4 മരണം,

0
81

ബീഹാറിലെ ബക്സർ ജില്ലയിലെ രഘുനാഥ്പൂർ റെയിൽവേ സ്റ്റേഷന് സമീപം നോർത്ത് ഈസ്റ്റ് എക്സ്പ്രസ് പാളം തെറ്റി നാല് മരിക്കുകയും 70 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് അസമിലെ ഗുവാഹത്തിയിലെ കാമാഖ്യ ജംഗ്ഷനിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപെട്ടത്. ട്രെയിനിന്റെ ആറ് കോച്ചുകളാണ് രാത്രി 9:53 ഓടെ പാളം തെറ്റിയതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രണ്ട് എസി ത്രീ ടയർ കോച്ചുകൾ മറിഞ്ഞതായും മറ്റ് നാല് കോച്ചുകൾ ട്രാക്കിൽ നിന്ന് വേർപ്പെട്ടതായും ടെലിവിഷൻ ദൃശ്യങ്ങളിൽ കാണിക്കുന്നു.

“രഘുനാഥ്പൂർ സ്റ്റേഷന്റെ പ്രധാന പാളത്തിലൂടെ കടന്നുപോകുകയായിരുന്ന ട്രെയിൻ നമ്പർ 12506 ന്റെ ആറ് കോച്ചുകൾ പാളം തെറ്റി.”- റെയിൽവേ മന്ത്രാലയം അറിയിച്ചു.

23 കോച്ചുകളുള്ള ട്രെയിൻ ബുധനാഴ്ച രാവിലെ 7:40 ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ നിന്ന് കാമാഖ്യയിലേക്ക് ഏകദേശം 33 മണിക്കൂർ യാത്രയ്ക്കാണ് പുറപ്പെട്ടത്. അപകടത്തിൽ നാല് യാത്രക്കാർ മരിച്ചതായി ബക്സർ പോലീസ് സൂപ്രണ്ട് (എസ്പി) മനീഷ് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. 70 യാത്രക്കാർക്ക് പരിക്കേറ്റതായും അവരെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയതായും റെയിൽവേ പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റവരെ പട്‌നയിലെ എയിംസിൽ പ്രവേശിപ്പിച്ചു. സംഭവത്തെത്തുടർന്ന് ഉടൻ തന്നെ ആംബുലൻസുകളും ഡോക്ടർമാരും സ്ഥലത്തെത്തി ദുരിതാശ്വാസ നടപടികൾ ആരംഭിച്ചു.

കൂടാതെ ഡൽഹിക്കും ദിബ്രുഗഢിനും ഇടയിലുള്ള രാജധാനി എക്‌സ്പ്രസ് ഉൾപ്പെടെ ഈ റൂട്ടിൽ സർവീസ് നടത്തുന്ന 21 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. കാശി പട്‌ന ജനശതാബ്ദി എക്‌സ്‌പ്രസ് (15125), പട്‌ന കാശി ജൻ ശതാബ്ദി എക്‌സ്പ്രസ് (15126) എന്നീ രണ്ട് ട്രെയിനുകൾ റദ്ദാക്കിയെന്നും ഈസ്റ്റ് സെൻട്രൽ റെയിൽവേ സോൺ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“ട്രെയിൻ സാധാരണ വേഗതയിലായിരുന്നു. എന്നാൽ പെട്ടെന്ന് ഒരു വലിയ ശബ്ദം പുറത്തുവരുകയും ട്രെയിനിൽ നിന്ന് പുക ഉയരുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്ന് കാണാൻ ഞങ്ങൾ ഓടി. ട്രെയിൻ പാളം തെറ്റിയതായി കണ്ടു.”- പ്രദേശവാസിയായ ഹരി പഥക് പറഞ്ഞു. എസി കോച്ചുകൾക്കാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ചത്.

നിരീക്ഷണത്തിനായി വാർ റൂമുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കോച്ചുകൾ ഉടൻ പുനഃസ്ഥാപിക്കുമെന്നും രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം ഒഴിപ്പിക്കലും രക്ഷാപ്രവർത്തനവും പൂർത്തിയായതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുകയും പാളം തെറ്റുന്നതിന്റെ കാരണം സർക്കാർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തകരാറിലായ ലൈൻ പുനഃസ്ഥാപിക്കുന്നതിൽ ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും ഒറ്റപ്പെട്ട യാത്രക്കാരെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോകുന്നതിന് ട്രെയിൻ എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേ നൽകിയ ഹെൽപ്പ് ലൈൻ നമ്പറുകൾ താഴെ

പട്ന ജംഗ്ഷൻ (PBE)- 9771449971, ദനാപൂർ (ഡിഎൻആർ)- 8905697493

അറ- 8306182542

COML CNL- 7759070004

പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷൻ- 9794849461, 8081206628

LEAVE A REPLY

Please enter your comment!
Please enter your name here