പത്തനംതിട്ട: കുടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവ് മരിച്ചത് ആത്മഹത്യയെന്ന് വനംവകുപ്പ്. കസ്റ്റഡിയില്‍ മരിച്ച മത്തായി തെളിവെടുപ്പിനിടെ കിണറ്റില്‍ചാടിയതെന്നാണ് മഹസര്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടപ്പന പടിഞ്ഞാറെ ചരുവിൽ പി.പി.മത്തായിയുടെ (പൊന്നുമോൻ – 41) മരണത്തെക്കുറിച്ച് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യയെന്നു കണ്ടെത്തിയത്. സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാർ ചെയർമാനായ പ്രത്യേക സംഘമാണ് വകുപ്പുതല അന്വേഷണം നടത്തിയത്. മത്തായിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ചർ അടക്കമുള്ള 7 വനപാലകർ നിർബന്ധിത അവധിയിലാണ്.
നാട്ടുകാരുടെ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് അന്വേഷണത്തിന് വനം വകുപ്പ് ഉത്തരവിട്ടത്. ക്യാമറ കേടുവരുത്തിയെന്നാരോപിച്ച് വനപാലകർ കസ്റ്റഡിയിലെടുത്ത ടി.ടി. മത്തായിയുടെ മൃതദേഹം രാത്രിയാണ് വീടിനോട് ചേർന്ന കിണറ്റിൽ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ച് അവശനാക്കി കിണറ്റിൽ തള്ളിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഭർത്താവിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതാണെന്ന് മത്തായിയുടെ ഭാര്യ ഷിബിയും ആരോപിച്ചിരുന്നു.