മലയാള സിനിമയുടെ കാരണവര്‍… നാട്യങ്ങളില്ലാത്ത കലാകാരന്‍.. വിശ്വസിച്ച ആദര്‍ശത്തിലും പ്രത്യയശാസ്ത്രത്തിലും മരണം വരെ വിശ്വസിച്ച വ്യക്തി… 27ആം വയസില്‍ അന്‍പതുകാരനായ അതുല്യനടൻ സത്യന്റെ അച്ഛനായി തുടക്കം. പിന്നീടങ്ങോട്ട് നിരവധി ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍… വ്യത്യസ്തങ്ങളായ 700ലേറെ കഥാപാത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന അതുല്യ നടൻ ശങ്കരാടിയുടെ ഓർമ്മകൾക്ക് 22 വര്‍ഷം.
ശങ്കരാടി എന്ന നടനെ മലയാളികള്‍ക്ക് അത്രപെട്ടന്നൊന്നും മറക്കാനാകില്ല. മനസ്സില്‍ ഓര്‍ത്തെടുക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങളും അഭിനയ മുഹൂര്‍ത്തങ്ങളുമാണ് ഈ മഹാനടന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. തന്റേതായ ശൈലിയിലുളള അഭിനയും ശരീര പ്രകൃതിയും മറ്റുളളവരില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അച്ഛന്‍, അമ്മാവന്‍, കാര്യസ്ഥന്‍ തുടങ്ങി ഒട്ടേറെ വേഷങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തി. കെ.പി.സി.സി നാടക സംഘത്തില്‍ സജീവമായിരുന്ന ശങ്കരാടി ‘കടലമ്മ’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത്. പ്രശസ്ത സിനിമാ നിര്‍മാതാവും സംവിധായകനുമായ കുഞ്ചാക്കോയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.
പിന്നീട് ഇരുട്ടിന്റെ ആത്മാവ്, അസുരവിത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച ശങ്കരാടി 1960 മുതല്‍ 80 വരെയുളള കാലഘട്ടങ്ങളിലെ ഒട്ടുമിക്ക സിനിമകളിലെയും നിറ സാന്നിധ്യമായിരുന്നു.
ഇരുട്ടിന്റെ ആത്മാവിലെ അച്യുതന്‍ നായര്‍, നാടോടിക്കാറ്റിലെ പണിക്കരമ്മാവന്‍, സന്ദേശത്തിലെ താത്വികാചാര്യന്‍ കുമാരപിള്ള, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ നോവലിസ്റ്റ് കുട്ടിച്ചൻ, വിയറ്റ്നാം കോളനിയിലെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച മാനസികരോഗി, മിന്നാരത്തിലെ കുക്ക് അയ്യർ…. അങ്ങനെ വര്‍ഷത്തിൽ 40ലേറെ സിനിമകള്‍ ആവര്‍ത്തന വിരസതയില്ലാതെ പ്രേക്ഷകന് നല്‍കിയ മഹാനടന്‍.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മൂന്നു വര്‍ഷം അടുപ്പിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സ്വഭാവ നടനുളള പുരസ്‌കാരവും അദ്ദേഹം നേടി. 1924 ല്‍ കണക്ക ചെമ്പകരാമന്‍ പരമേശ്വരന്‍ പിള്ളയുടെയും ചെറായി ജാനകിയമ്മയുടെയും മകനായി വടക്കന്‍ പറവൂര്‍ മേമന വീട്ടിലാണ് ശങ്കരാടി ജനിച്ചത്. ചന്ദ്രശേഖര മേനോന്‍ എന്നതാണ് യഥാര്‍ത്ഥ പേര് പിന്നീട് തറവാട്ടു പേരായ ശങ്കരാടി എന്ന പേരു സ്വീകരിച്ചു.
എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശങ്കരാടി ബറോഡയില്‍ മറൈന്‍ എന്‍ജിനീയറിങ്ങ് കോളേജില്‍ പഠിക്കാന്‍ പോയെങ്കിലും പഠനംപാതിവഴിയിൽ ഉപേക്ഷിച്ചു. നാടക സംഘത്തിലേക്കും അഭിനയത്തിലേക്കും എത്തുന്നതിനു മുന്‍പ് രാഷ്‌ട്രീയം, പത്രവര്‍ത്തനം എന്നീ മേഖലകളിലും അദ്ദേഹം സജീവമായിരുന്നു. 2001 ഒക്ടോബര്‍ 9 ന് ഈ മഹാനടന്‍ മണ്‍മറഞ്ഞപ്പോള്‍ മലയാളത്തിന് നഷ്ടമായത് നാട്യങ്ങളില്ലാത്ത കലാക്കാരനെയാണ്.