തിരുവനന്തപുരത്തെ പൊലീസ് സംഘടനാ നേതാവ് ചന്ദ്രശേഖരന് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുമായി അടുപ്പമെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തല്‍. അച്ചടക്കനടപടിക്ക് ശുപാര്‍ശ ചെയ്ത് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദീന്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടോയെന്നറിയാന്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ നേതാവും ഗ്രേഡ് എസ്.ഐയുമായ ചന്ദ്രശേഖരനെതിരെയാണ് വകുപ്പ് തല അന്വേഷണം നടന്നത്. സന്ദീപ് നായരുമായുള്ള ബന്ധവും മണ്ണന്തല പൊലീസ് സന്ദീപിനെ പിടികൂടിയപ്പോള്‍ ജാമ്യത്തിലിറക്കാന്‍ ഇടപെട്ടതും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ബന്ധുകൂടിയായ സന്ദീപുമായി ചന്ദ്രശേഖരന്‍ അടുപ്പം പുലര്‍ത്തിയിരുന്നതായി കണ്ടെത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിന് സന്ദീപിനെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് സ്റ്റേഷനില്‍ നേരിട്ടെത്തി ജാമ്യത്തിലിറക്കിയത് ചന്ദ്രശേഖരനാണെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
ജാമ്യം നേടാന്‍ പൊലീസുകാരെ സമ്മര്‍ദം ചെലുത്തിയതിലടക്കം വീഴ്ചയെന്നാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരുദീന്റെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. ഇതിന്റെയടിസ്ഥാനത്തില്‍ അച്ചടക്ക നടപടി വേണമെന്നും ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ തിരുവനന്തപുരത്തെ നയതന്ത്ര സ്വര്‍ണക്കടത്തുമായി ചന്ദ്രശേഖരനെതിരെ തെളിവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇക്കാര്യങ്ങള്‍ കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നും ശുപാര്‍ശയുണ്ട്. സംഭവത്തിൽ ഡി.ജി.പിയാണ് തുടര്‍നടപടി സ്വീകരിക്കേണ്ടത്.