എറണാകുളത്ത് കോണ്‍ഗ്രസ് നേതാവിനെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

0
83

അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടന്‍ പി.ടി. പോള്‍ (61) ആണ് മരിച്ചത്. ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ് പി. ടി പോള്‍. മൃതദേഹം കാരോത്തുകുഴി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇന്ന് പകല്‍ 12.30ന് ആണ് പോള്‍ ഹോട്ടലില്‍ മുറിയെടുത്തത്. തന്നെ കാണാന്‍ ഒരാള്‍ വരുമെന്നും അകത്തേക്കു വിടണമെന്നും റിസപ്ഷനില്‍ പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു. മുറിയുടെ വാതില്‍ അകത്തുനിന്നു പൂട്ടിയിരുന്നില്ല. 3.15ന് അങ്കമാലിയില്‍ നിന്ന് ഒരാള്‍ അദ്ദേഹത്തെ തിരക്കിയെത്തി. ഇയാള്‍ മുറിയിലെത്തുമ്പോള്‍ പോള്‍ ചലനമറ്റു കിടക്കുന്നതാണ് കണ്ടത്. പിന്നാലെ ഇയാള്‍ സ്വന്തം വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അങ്കമാലിയില്‍നിന്നു ഡ്രൈവര്‍ക്കൊപ്പം സ്വന്തം കാറിലാണ് പോള്‍ ആലുവയിലെത്തിയത്. എന്നാല്‍ തനിക്കു പോകാന്‍ മറ്റൊരു വാഹനം വരുമെന്ന് പറഞ്ഞ് ഡ്രൈവറെ പറഞ്ഞുവിട്ടു. എംജി ടൗണ്‍ ഹാളിനു സമീപം ഇറങ്ങിയ പോള്‍ തൊട്ടടുത്തുള്ള ഹോട്ടലിലാണു മുറിയെടുത്തത്. മരണകാരണം വ്യക്തമല്ല. മൃതദേഹം നാളെ (ശനിയാഴ്ച) എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പൊലീസ് സര്‍ജന്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

പോള്‍ 30 വര്‍ഷത്തിലേറെയായി അങ്കമാലിയിലാണു താമസം. മഞ്ഞപ്ര അമലാപുരം സ്വദേശിയാണ്. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റായ പോള്‍ നിലവില്‍ അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും മോട്ടര്‍ തൊഴിലാളി ക്ഷേമിനിധി ബോര്‍ഡ് അംഗവുമാണ്. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here