ലൈവ് സ്ട്രീമിങ്ങിനിടെ, പ്രമുഖ എഡ്-ടെക് കമ്പനിയായ ‘ഫിസിക്സ് വാല’ (Physics Wallah) യിലെ അധ്യാപകന് വിദ്യാർത്ഥിയുടെ ക്രൂരമർദനം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ലൈവ് സ്ട്രീമിൽ പങ്കെടുത്ത ഒരാൾ തന്നെയാണ് വീഡിയോ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ക്ലാസ് എടുക്കുന്നതിനിടെ, അധ്യാപകന്റെ അടുത്തേക്ക് ഓടിയെത്തിയ വിദ്യാർത്ഥി അദ്ദേഹത്തെ ക്രൂരമായി ആക്രമിക്കുന്നതും ചെരിപ്പൂരി അടിക്കുന്നതും വീഡിയോയിൽ കാണാം. അക്രമത്തിനു പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. വീഡിയോക്ക് ഇതിനകം 500,000-ലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. എന്താണ് പ്രശ്‌നമെന്ന ചോദ്യമാണ് വീഡിയോ കാണുന്ന പലരും കമന്റ് ബോക്സിൽ ചോദിക്കുന്നത്.
എഡ്-ടെക് പ്ലാറ്റ്‌ഫോമായ ഫിസിക്‌സ് വാല മുൻപും വിവാദത്തിൽ പെട്ടിട്ടുണ്ട്. അലാഖ് പാണ്ഡെയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ടെന്നു ചൂണ്ടിക്കാട്ടി, ഫിസിക്‌സ് വാല അധ്യാപകരായ തരുൺ കുമാർ, മനീഷ് ദുബെ, സർവേഷ് ദീക്ഷിത് എന്നിവർ കമ്പനിയിൽ നിന്നും രാജി വെച്ചിരുന്നു. തങ്ങൾ കൈക്കൂലി വാങ്ങിയതായി, ഫിസിക്‌സ് വാലാ അധ്യാപകൻ പങ്കജ് സിജൈര്യ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതായും മൂവരും പറഞ്ഞിരുന്നു. ഫിസിക്‌സ് വാലയിലെ അന്തരീക്ഷം വിദ്യാർത്ഥികൾക്ക് അനുകൂലമല്ലാത്തതിനാലാണ് രാജിയെന്നും തങ്ങളുടെ യൂട്യൂബ് ചാനലിൽ പുറത്തിറക്കിയ വീഡിയോയിൽ ഇവർ പറഞ്ഞിരുന്നു. വീഡിയോയിൽ ഇവർ കരയുന്നതും കാണാം. നിരവധി പേർ ഇവർ മൂന്നു പേർക്കും പിന്തുണയുമായി രംഗത്തെത്തിയിരുന്നു.