രജനികാന്ത് 10 ദിവസം തിരുവനന്തപുരത്ത്,​ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിന് ഒക്ടോബർ മൂന്നിനെത്തും.

0
52

സ്റ്റൈൽ മന്നൻ രജനികാന്ത് തലസ്ഥാനത്ത് എത്തുന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി രജനികാന്ത് ഒക്ടോബർ മൂന്നിന് എത്തുമെന്നാണ് വിവരം. പത്തുദിവസം ഇവിടെയുണ്ടാകും. ‘ജയിലറിന്റെ’ ചരിത്രവിജയത്തിനുശേഷം രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്. വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം.

ആദ്യമായാണ് ഒരു രജനി ചിത്രം തലസ്ഥാനത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബച്ചൻ ഒഴികെയുള്ള താരങ്ങൾ തിരുവനന്തപുരത്തെത്തും. ടി.ജെ. ജ്ഞാനവേലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ പ്രശസ്ത നിർമ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് നിർമ്മാണം. ‘തലൈവര്‍ 170’ എന്ന ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനാകുന്നത് ഫഹദ് ആണെന്നാണ് റിപ്പോർട്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം രജനിയും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രമാകും തലൈവര്‍ 170.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഇന്ത്യൻ സിനിമയുടെ സൂപ്പർ താരം രജനിയുടെ വരവ് ആരാധകരെ ഹരം കൊള്ളിക്കുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. നാഗർകോവിൽ, കന്യാകുമാരി എന്നിവിടങ്ങളിലും ഷൂട്ടിംഗുണ്ടാകും. രജനി അഭിനയിച്ച രാജാധിരാജ, മുത്തു എന്നീ ചിത്രങ്ങളുടെ ഗാനരംഗം മുമ്പ് അതിരപ്പിള്ളിയിൽ ചിത്രീകരിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here