ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ പാകിസ്ഥാന്‍ ചാരസംഘടനയെന്ന് സൂചന.

0
112

കാനഡയില്‍ കൊല്ലപ്പെട്ട ഖലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തിന് പിന്നില്‍ പാക് ചാരസംഘടനായ ഐഎസ്ഐ ആണോ? കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളാണ് ഈ സംശയം പ്രകടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയെ പിന്നോട്ടടിക്കുക എന്ന ലക്ഷ്യത്തോടെ നിജ്ജാറിനെ ഒഴിവാക്കാന്‍ ഐഎസ്‌ഐ ശ്രമിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരുമായി അടുത്ത ചില വൃത്തങ്ങള്‍ പറഞ്ഞു.

കാനഡയിലെ ഐഎസ്‌ഐയുടെ വിശ്വസ്ത പ്രവര്‍ത്തകരാണ് രാഹത് റാവുവും താരീഖ് കിയാനിയും. പാക് ചാരസംഘടനയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. ഇന്ത്യയില്‍ നിന്ന് വരുന്ന പിടികിട്ടാപ്പുള്ളികളായ തീവ്രവാദികളെയും മറ്റും ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന പ്രധാന ആരോപണം. അതുകൊണ്ട് തന്നെ നിജ്ജാറിന്റെ കൊലയ്ക്ക് പിന്നില്‍ റാവുവും കിയാനിയും ഉള്‍പ്പെട്ടിരിക്കാം എന്നാണ് സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അജ്ഞാതരെക്കാള്‍ നിജ്ജാറിനോട് അടുത്ത് ഇടപെഴകുന്നയാളുകള്‍ക്ക് മാത്രമേ ഈ കൊലപാതകം നടത്താനാകൂ. സുരക്ഷാകാര്യത്തില്‍ നിജ്ജാര്‍ വളരെയധികം ശ്രദ്ധാലുവായിരുന്നുവെന്നും വൃത്തങ്ങള്‍ പറഞ്ഞു.

നിജ്ജാറിനോട് അടുത്ത് നിരവധി മുന്‍ ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ താമസിച്ച് വരുന്നുണ്ട്. ഐഎസ്‌ഐയിലെ മേജര്‍ ജനറല്‍മാര്‍ മുതല്‍ ഹവല്‍ദാര്‍മാര്‍ വരെ ഇക്കൂട്ടത്തിലുണ്ടെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.

നിജ്ജാറിനെ അവസാനിപ്പിക്കാനുള്ള ചുമതല ഇവര്‍ക്കാര്‍ക്കെങ്കിലും നല്‍കിയിരിക്കാം. ഇതോടെ പ്രാദേശിക മയക്ക് മരുന്ന് വ്യാപാരം റാവുവിനും കിയാനിയ്ക്കും നിയന്ത്രിക്കാനാകും.

നിജ്ജാറിന്റെ സ്വാധീനം കാലക്രമേണ വര്‍ധിച്ച് വരികയായിരുന്നു. കാനഡയിലെ പ്രാദേശിക ജനങ്ങള്‍ക്കിടയിലും ഇദ്ദേഹത്തിന്റെ സ്വാധീനം വര്‍ധിച്ചിരുന്നു. റാവു, കിയാനി, വിഘടനവാദി നേതാവായ ഗുര്‍ചരണ്‍ പൂനൂന്‍ എന്നിവരടങ്ങിയ സംഘമായിരിക്കാം നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മയക്ക് മരുന്ന് വ്യാപാര നിയന്ത്രണം തങ്ങള്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാകുമിതെന്നും വൃത്തങ്ങള്‍ പറഞ്ഞു.

നിജ്ജാറിന്റെ സാമിപ്യവും പാക് നേതാക്കളായ വാധ്വാ സിംഗ്, രണജീത്ത് സിംഗ് നീത എന്നിവരുമായുള്ള ബന്ധവും ഐഎസ്‌ഐയ്ക്ക് ഒരു വെല്ലുവിളിയായിരുന്നു.

കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ നേതാവുമായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ആരംഭിച്ചത്.

കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഭരണകൂടം നിയോഗിച്ച ഏജന്റുമാരാണെന്നതിന് കാനഡയുടെ സുരക്ഷാ വിഭാഗത്തിന് വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു ട്രൂഡോയുടെ വാക്കുകള്‍. ഒരു കാനഡ പൗരന്റെ കൊലപാതകത്തില്‍ വിദേശ കരങ്ങളുടെ പങ്ക് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ്. ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ചില ഇന്ത്യന്‍ വംശജരെ കുപിതരാക്കുകയും ഭയപ്പെടുത്തുകയും ചെയ്തതായും ട്രൂഡോ വിശദീകരിച്ചിരുന്നു.

ജൂണ്‍ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്കുള്ളില്‍ വച്ച് അജ്ഞാതരായ രണ്ടുപേര്‍ ഹര്‍ദീപിന് നേരെ നിറയൊഴിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് തലവനായ ഹര്‍ദീപിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ദേശീയ കുറ്റാന്വേഷണ ഏജന്‍സി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ ഹിന്ദു മതപുരോഹിതനെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഹര്‍ദീപിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here