സിംഗപ്പൂരിലെ ടാക്സി ബുക്കിംഗ് ആപ്പായ ‘ടാഡ’ യിലെ ഡ്രൈവർ യാത്രക്കാരിയെ അധിക്ഷേപിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. വീഡിയോയിൽ ഡ്രൈവർ സ്ത്രീയെ വംശീയമായി അധിക്ഷേപിക്കുന്നത് വളരെ വ്യക്തമാണ്. യാത്രക്കാരിയോട് നിങ്ങൾ ഇന്ത്യനും ഞാനൊരു ചൈനക്കാരനുമാണെന്ന്ഡ്രൈവർ പറയുന്നുണ്ട്. നിങ്ങളാണ് ഏറ്റവും മോശം കസ്റ്റമർ എന്നാണ് യുവതിയെ ഇയാൾ കുറ്റപ്പെടുത്തുന്നത്.
എന്നാൽ താൻ സിംഗപൂര്‍- യുറേഷ്യൻ ആണെന്നും ഇന്ത്യക്കാരി അല്ല എന്നും യുവതി മറുപടി നൽകുകയും ചെയ്യുന്നുണ്ട്. എന്തായാലും സിംഗപ്പൂരിൽ ഒരുപാട് ഇന്ത്യക്കാർ ഉണ്ടെന്നും നിങ്ങൾ ഒരു വംശീയവാദിയാണെന്നും അവർ ഡ്രൈവറോട് പറയുന്നതും കേൾക്കാം. തുടർന്ന് ഡ്രൈവർ യുവതിയുടെ മകളെയും അധിക്ഷേപിച്ച് സംസാരിക്കുന്നുണ്ട്. യുവതിയുടെ മകള്‍ക്ക് 135 സെന്റിമീറ്ററില്‍ കുറവ് ഉയരമാണുള്ളതെന്നും തർക്കിക്കാൻ നിൽക്കരുതെന്നും ഡ്രൈവർ ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം.
വേക്കപ്പ് സിംഗപ്പൂർ എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ” ഇത് ഭയപ്പെടുത്തുന്നതാണെന്നുംഈ വഴക്കിന് സാക്ഷിയായി ആ സ്ത്രീയുടെ മകൾ വാഹനത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” എന്ന അടിക്കുറിപ്പോടുകൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം വീഡിയോ നിമിഷം നേരം കൊണ്ടാണ് വൈറലായി മാറിയത്. ഈ വീഡിയോയ്ക്ക് താഴെ നിരവധി ആളുകൾ പ്രതികരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ” വളരെ മോശം, വാഹനമോടിക്കുമ്പോൾ വഴക്കുണ്ടാക്കുന്ന് വളരെ അപകടകരമാണ്. ” എന്ന് ഒരാൾ കമന്റ് ചെയ്തു. കൂടാതെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീഡിയോയ്‌ക്കെതിരെ ക്യാബ് കമ്പനിയും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
” ടാഡയിൽ, വംശീയത അധിക്ഷേപമോ വിവേചനമോ ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ഈ വിഷയം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ഇത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയ എല്ലാവർക്കും നന്ദി. ” എന്ന് ടാഡ കമ്പനി വ്യക്തമാക്കി.