ചെന്നൈ: ബിജെപിയുമായി ഇനി സഖ്യമില്ലെന്ന അണ്ണാഡിഎംകെയുടെ ഔദ്യോഗിക പ്രഖ്യാപനത്തോട് കേന്ദ്രനേതൃത്വം യഥാസമയം പ്രതികരിക്കുമെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ. മുൻ മുഖ്യമന്ത്രി സി എൻ അണ്ണാദുരൈയെക്കുറിച്ചുള്ള അണ്ണാമലൈയുടെ പരാമർശത്തെ തുടർന്നാണ് ബിജെപിയുമായുള്ള സഖ്യം വിടുന്നതായി അണ്ണാഡിഎംകെ പ്രഖ്യാപിച്ചത്. തുടർന്ന് അണ്ണാഡിഎംകെ-ബിജെപി നേതാക്കൾ പരസ്പരം വിമർശനം നടത്തിയിരുന്നു. കീടമെന്നും ജനവികാരം ഇളക്കിവിടുന്ന ബഹളക്കാരനെന്നും എഐഎഡിഎംകെ നേതാക്കൾ ആരോപിച്ചിരുന്നു.
‘എൻ മണ്ണ്, എൻ മക്കൾ’ പദയാത്രയുടെ തിരക്കിലാണ് അണ്ണാമലൈ ഇപ്പോൾ. ആദ്യം സംഭവത്തിൽ പ്രതികരിക്കാൻ അണ്ണാമലൈ വിസമ്മതിച്ചിരുന്നു. “ഇപ്പോൾ യാത്ര തുടരുകയാണ്, അവർ (എഐഎഡിഎംകെ) നൽകിയ പത്രപ്രസ്താവന ഞാൻ വായിച്ചു. ഞങ്ങളുടെ ദേശീയ നേതൃത്വം ശരിയായ സമയത്ത് സംസാരിക്കും. എല്ലാ മാധ്യമ പ്രവർത്തകർക്കും ഞാൻ നന്ദി പറയുന്നു. ഞങ്ങൾക്ക് ഒരു പ്രോട്ടോക്കോൾ ഉണ്ട്, ഞങ്ങളുടെ ദേശീയ നേതൃത്വം ശരിയായ സമയം നോക്കി സംസാരിക്കും ” അണ്ണാമലൈ പിന്നീട് പറഞ്ഞു.
അണ്ണാഡിഎംകെയുടെ തീരുമാനത്തിനു പിന്നാലെ, ‘നന്ദ്രി വീണ്ടും വരാതീഗൾ’ (നന്ദി ദയവായി വീണ്ടും വരരുത്) എന്ന ഹാഷ്ടാഗ് എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിങ് ആണ്. ബിജെപി പ്രവർത്തകരും അണ്ണാഡിഎംകെ പ്രവർത്തകരും പടക്കം പൊട്ടിച്ചാണ് പിരിയാനുള്ള തീരുമാനം ആഘോഷിച്ചത്. അതേസമയം, പാർട്ടിയുമായുള്ള സഖ്യം വേർപെടുത്താൻ അണ്ണാ ഡിഎംകെ തീരുമാനിച്ചെങ്കിലും അണ്ണാമലൈയെ ബിജെപി ശക്തമായി പിന്തുണയ്ക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. അണ്ണാദുരൈയെക്കുറിച്ചുള്ള പരാമർശത്തിൽ അണ്ണാമലൈ മാപ്പ് പറയണമെന്ന് അണ്ണാഡിഎംകെയുടെ മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അണ്ണാമലൈ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്നും അണ്ണാഡിഎംകെ ആവശ്യപ്പെട്ടു.
എന്നാൽ, ഇത് അംഗീകരിക്കാൻ ബിജെപി വിസ്സമ്മതിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. തീരുമാനം പുനഃപരിശോധിക്കാൻ അണ്ണാഡിഎംകെയോട് ആവശ്യപ്പെടില്ലെന്നും അവർ വ്യക്തമാക്കി.
“എഐഎഡിഎംകെയെ ഒപ്പം കൂട്ടേണ്ടത് ബിജെപിയുടെ ആവശ്യമാണ്, ഞങ്ങളുടേതല്ല. സഖ്യം നല്ലനിലയിൽ കൊണ്ടുപോകുന്നതിന് ഞങ്ങൾ സംയമനം പാലിച്ചു. എന്നാൽ കെ അണ്ണാമലൈ ഒരു ബഹളക്കാരനായി മാറി. അദ്ദേഹം നമ്മുടെ നേതാക്കളെയും സ്ഥാപകരെയും കുറിച്ച് വായിൽ തോന്നുന്നത് പറയാൻ തുടങ്ങി. അദ്ദേഹം ഞങ്ങളുടെ പ്രത്യയശാസ്ത്രത്തെ വിമർശിക്കാൻ തുടങ്ങി”- എഐഎഡിഎംകെ നേതാവ് കോവൈ സത്യൻ പറഞ്ഞു.