ഒരു സമയത്ത് താൻ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി തെന്നിന്ത്യൻ സൂപ്പർ താരം കമൽ ഹാസൻ. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളോട് സംവാദിക്കുകയായിരുന്നു കമൽ ഹാസൻ. യുവാക്കളിലെ ആത്മഹത്യയെ പറ്റി എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
“കലാ രംഗത്ത് ശരിയായ അവസരങ്ങൾ ലഭിക്കാതിരുന്നപ്പോൾ ഞാനും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു. അന്നെനിക്ക് 20-21 വയസുണ്ടായിരുന്നു. പക്ഷേ ആത്മഹത്യ ഒന്നിന്നും ഒരു പരിഹാരമല്ലെന്ന് ഉറച്ചു വിശ്വസിച്ചു. നിങ്ങളുടെ ജീവിതത്തിൽ എല്ലാ കാലത്തും ഇരുട്ട് നിലനിൽക്കില്ല. തീർച്ചയായും പുലരി നിങ്ങളെ തേടി വരും. അതിന് ശേഷം കുറച്ച് കഠിനാധ്വാനം ചെയ്താൽ നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കാം.” കമൽ ഹാസൻ പറഞ്ഞു.
ഇരുണ്ട കാലഘട്ടത്തിൽ നിങ്ങളുടെ ഭാവി ശോഭനമാക്കുന്ന സ്വപ്നങ്ങൾ കാണുക, അബ്ദുൾ കലാം പറഞ്ഞ പോലെ ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നമല്ല, നിങ്ങളെ ഉണർത്തുന്ന സ്വപ്നങ്ങൾ. മരണം ജീവിതത്തിലെ ഒരു അദ്ധ്യായമാണ്. അത് വരട്ടെ. അതിനെ അന്വേഷിച്ച് ഒരിക്കലും പോകരുത്. കമൽ ഹാസൻ കൂട്ടിച്ചേർത്തു.
ഇനിയിപ്പോൾ ആഗ്രഹങ്ങൾ സഫലമായില്ലെങ്കിലും സാരമില്ല, എപ്പോഴും ഒരു പ്ലാൻ ബി കൂടി കരുതിവെയ്ക്കണമെന്നും കമൽ ഹാസൻ പറഞ്ഞു.
കമൽ ഹാസന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ശങ്കർ സംവിധാനം ചെയ്യുന്ന ‘ഇന്ത്യൻ 2’ ആണ് കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രം. കൂടാതെ അമിതാബ് ബച്ചൻ, പ്രഭാസ് എന്നിവരോടൊപ്പം പ്രധാനവേഷത്തിലെത്തുന്ന ‘കൽക്കി 2898 എ. ഡി’ എന്ന സിനിമയും വരാനുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നു.