1999 ൽ പുറത്തിറങ്ങിയ ‘ജോഡി’ എന്ന സിനിമയിൽ സിമ്രാന്റെ സുഹൃത്തായി എത്തി ‘മൗനം പേസിയാദേ’ എന്ന സിനിമയിലൂടെ നായികയായി മാറിയ താരമാണ് തൃഷ. പിന്നീട് ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലെ മുൻനിര നായികയായി മാറുകയായിരുന്നു. രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത്, സൂര്യ, വിക്രം, ചിമ്പു, ധനുഷ്, കാർത്തി, ജയം രവി തുടങ്ങി തമിഴിലെ എല്ലാ മുൻനിര താരങ്ങളുടെയും നായികയായി തൃഷ അഭിനയിച്ചു. മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വനിലെ കുന്ദവൈ എന്ന കഥാപാത്രത്തിലൂടെ തൃഷയ്ക്ക് സമീപകാലത്ത് പാന്‍ ഇന്ത്യന്‍ ശ്രദ്ധയും ലഭിച്ചു
കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ തൃഷയുടെ വ്യക്തി ജീവിതവും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. റാണ ദഗുബതിയുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുൺ മന്യനുമായി നിശ്ചയിച്ച വിവാഹം മുടങ്ങിയതും എല്ലാം വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ തൃഷ വീണ്ടും വാര്‍ത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. തൃഷ വിവാഹിതയാവാന്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തെത്തുന്നത്.
മലയാളത്തില്‍ നിന്നുള്ള ഒരു ചലച്ചിത്ര നിര്‍മ്മാതാവുമായാണ് തൃഷയുടെ വിവാഹമെന്ന് ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്. എന്നാൽ ഇത് ആരാണെന്നോ വിവാഹം എന്നായിരിക്കുമെന്നോ ഇത് സംബന്ധിച്ച വാര്‍ത്തകളിലൊന്നും പറയുന്നില്ല. റിപ്പോര്‍ട്ടുകളോടുള്ള ഔദ്യോഗിക പ്രതികരണവും ഇതുവരെ എത്തിയിട്ടില്ല. വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്ത് തൃഷ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. “എന്‍റെ ഗൗരവകരമായ ചിന്തയില്‍ ഉള്ള ഒന്നല്ല വിവാഹം. സമൂഹത്തിന്‍റെ സമ്മര്‍ദ്ദം കൊണ്ട് വിവാഹിതയായിട്ട് പിന്നീട് അത് ഡിവോഴ്സിലേക്ക് എത്തിക്കാന്‍ എനിക്ക് വയ്യ. അടുപ്പമുള്ള പലരുടെയും സാഹചര്യം എനിക്കറിയാം. പലരും വിവാഹിതരാകുന്ന സമയത്ത് അതേക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. പക്ഷേ അവരില്‍ പലരും നിലവില്‍ ഡിവോഴ്സിനുള്ള ശ്രമങ്ങളിലാണ്. ജീവിതം പങ്കിടണമെന്ന് എനിക്ക് തോന്നലുളവാക്കുന്ന ഒരാളെ ഇനിയും ഞാന്‍ കണ്ടെത്തിയിട്ടില്ല”, എന്നായിരുന്നു തൃഷയുടെ വാക്കുകള്‍.
ലിയോ, റാം, ഐഡന്റിറ്റി എന്നിങ്ങനെ വമ്പൻ ചിത്രങ്ങളാണ് തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഏകദേശം 13 വർഷങ്ങൾക്ക് ശേഷം വിജയും തൃഷയും ഒന്നിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ലിയോ. വർഷങ്ങൾക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട ജോഡികളെ സ്‌ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രം ഒക്ടോബർ 19ന് ആണ് തിയേറ്ററുകളിൽ എത്തുക.. മോഹന്‍ലാലിന്‍റെ ജീത്തു ജോസഫ് ചിത്രം റാം, ടൊവിനോ നായകനാവുന്ന ഐഡന്‍റിറ്റി എന്നിവയിലും തൃഷയുണ്ട്. അജിത്തിന്റെ വരാനിരിക്കുന്ന വിടാ മുയര്‍ച്ചിയിലും തൃഷയാണ് നായികയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.