തിരുവോണം ബംമ്പർ നറുക്കെടുപ്പ് ഇന്ന്;

0
64

കേരളം കാത്തിരിക്കുന്ന തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുക. തിരഞ്ഞെടുത്ത ടി.വി ചാനലുകളിലും  കേരള ലോട്ടറിയുടെ യുട്യൂബ്‌ ചാനലിലും തത്സമയം കാണാം. ഔദ്യോഗിക വെബ്സൈറ്റായ keralalotteries.comstatelottery.kerala.gov.in എന്നിവയിലും ഫലം പ്രസിദ്ധീകരിക്കും.

പതിവിന് വിരുദ്ധമായി ഇന്ന് രാവിലെ 10 മണിവരെ ഭാഗ്യക്കുറി വകുപ്പ് ഏജന്റുമാർക്ക് ടിക്കറ്റ് വിതരണം ചെയ്യും. ഇതാദ്യമായാണ് നറുക്കെടുപ്പ് ദിവസത്തിലും ടിക്കറ്റുകൾ വിതരണം ചെയ്യുന്നത്. സാധാരണയായി തലേദിവസം വൈകിട്ട് ആറ് മണിയോടെ ഏജന്റുകാർക്കായുള്ള ടിക്കറ്റ് വിതരണം അവസാനിക്കുന്നതാണ് പതിവ്.

ഇത്തവണ ടിക്കറ്റ് വിൽപന സര്‍വകാല റെക്കോര്‍ഡിലെത്തിയെന്നതും മറ്റൊരു പ്രത്യേകതയാണ്. കഴിഞ്ഞ ദിവസം വരെ എഴുപത്തിയൊന്നര ലക്ഷം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞെന്നാണ് കണക്ക്. പതിനഞ്ച് കോടിയില്‍ നിന്ന് സമ്മാന തുക 25 കോടിയായി ഉയര്‍ത്തിയ കഴിഞ്ഞ വര്‍ഷം 6655914 ടിക്കറ്റുകളാണ് വിറ്റത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ സമ്മാനങ്ങളുടെ എണ്ണം കൂട്ടിയതാണ് ഇക്കൊല്ലം റെക്കോര്‍ഡ് കണക്കിലെത്തിച്ചത്.

ഇത്തവണ ലോട്ടറിയെടുത്ത ഇതരസംസ്ഥാനക്കാരുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ട്. ഇതര സംസ്ഥാനക്കാരെ ലക്ഷ്യമിട്ട് ലോട്ടറി വകുപ്പ് ഇറക്കിയ ഹിന്ദി, ബംഗാളി, ആസാമിസ് ഭാഷകളിലുള്ള പരസ്യവും ഫലം കണ്ടെന്നത് ഇതിലൂടെ വ്യക്തമാണ്. ബമ്പര്‍ വില്‍പ്പന അവസാന ദിവസത്തിലെത്തുമ്പോള്‍ ലോട്ടറി കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഒറ്റയ്ക്ക് ടിക്കറ്റ് എടുക്കുന്നവര്‍ക്കൊപ്പം തന്നെ ഷെയറിട്ട് ടിക്കറ്റെടുക്കുന്നവരും ഏറെയാണ്.

ഇക്കുറി കോടീശ്വരന്മാര്‍ കൂടും. ഒന്നാം സമ്മാനമായ 25 കോടിയ്ക്ക് പുറമേ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കാനാണ് തീരുമാനം. കഴിഞ്ഞവര്‍ഷം രണ്ടാംസമ്മാനമായി അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനമേ ഉണ്ടായിരുന്നുള്ളൂ. ഇതാണ് ഒരു കോടി രൂപ വീതമാക്കി 20 പേര്‍ക്ക് നല്‍കുന്നത്. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനവും ലഭിക്കും. ടിക്കറ്റ് നിരക്ക് 500 രൂപ തന്നെയാണ്. 500 രൂപയുടെ ടിക്കറ്റ് വിറ്റാല്‍ തൊഴിലാളിക്ക് 100 രൂപ വീതം കിട്ടും.

ലോട്ടറി അടിച്ചാല്‍

ഇനി ഈ ലോട്ടറി അടിച്ചാല്‍ എന്ത് ചെയ്യും എന്നല്ലേ? അക്കാര്യങ്ങള്‍ വിശദമായി പറയാം. സമ്മാന അവകാശത്തിനുള്ള ഒരു അപേക്ഷയാണ് ആദ്യം വേണ്ടത്. ഈ അപേക്ഷയില്‍ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റിന്റെ രണ്ട് വശത്തിന്റെയും ഫോട്ടോ കോപ്പി എടുക്കണം. ശേഷം ഒരു ഗസ്റ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം. അപേക്ഷയ്ക്ക് ഒപ്പം രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും( ഇതും ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്യണം, അല്ലെങ്കില്‍ നോട്ടറിയെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കണം) ആവശ്യമാണ്.

സമ്മാനാര്‍ഹര്‍ നറുക്കെടുപ്പ് തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ നേരിട്ടോ ദേശോത്കൃത /ഷെഡ്യൂള്‍ഡ്/ കേരള ബാങ്ക് വഴിയോ ആവശ്യമായ രേഖകള്‍ സഹിതം ഭാഗ്യക്കുറി ഓഫീസില്‍ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റണം. ലോട്ടറിയില്‍ നിന്നുള്ള 5,000 രൂപ വരെ സമ്മാനങ്ങള്‍ സംസ്ഥാനത്തുള്ള ഏത് ലോട്ടറി സ്റ്റാളില്‍ നിന്നും മാറ്റി പണം വാങ്ങാവുന്നതാണ്. ടിക്കറ്റ് വാങ്ങിയാലുടന്‍ ടിക്കറ്റിന്റെ മറുവശത്ത് സ്വന്തം പേരും ഒപ്പും മേല്‍വിലാസവും രേഖപ്പെടുത്തണം.

സ്റ്റാമ്പ് രസീത് ഫോറാം- ഇത് ലോട്ടറി വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോര്‍ഡ് ചെയ്‌തെടുക്കാന്‍ സാധിക്കും. ഈ ഫോമില്‍ ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കണം. ശേഷം ഓരോ കോളവും പൂരിപ്പിക്കണം. മുഴുന്‍ പേരും രസീതും അടക്കമുള്ള നമ്മുടെ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ, അക്ഷരത്തെറ്റില്ലാതെ ഈ രസീതില്‍ രേഖപ്പെടുത്തിയിരിക്കണം. പ്രായപൂര്‍ത്തി ആകാത്ത ഒരാള്‍ക്കാണ് സമ്മനം ലഭിച്ചതെങ്കില്‍, ഒരു ഗാര്‍ഡിയന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഈ കുട്ടിയുടെ രക്ഷിതാക്കള്‍ ഞങ്ങളാണ് എന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ആണിത്.

ഒന്നില്‍ കൂടുതല്‍ പേര്‍ എടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിക്കുന്നതെങ്കില്‍, ഇവരില്‍ ആരെയെങ്കിലും ഒരാളെ സമ്മാനം വാങ്ങിക്കാനായി ഏര്‍പ്പെടുത്തണം. 50 രൂപയുടെ മുദ്ര പത്രത്തില്‍ ഇയാള്‍ സാക്ഷ്യപ്പെടുത്തുന്ന പത്രം ഹാജരാക്കേണ്ടതുണ്ട്. ഭാഗ്യക്കുറി സമ്മാനത്തിന് നല്‍കുന്ന അപേക്ഷയില്‍ നമ്മുടെ തിരിച്ചറിയല്‍ കാര്‍ഡ് കൊടുക്കേണ്ടതുണ്ട്. പാന്‍, ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട് അങ്ങനെ എന്തും തിരിച്ചറിയല്‍ രേഖയായി നല്‍കാവുന്നതാണ്.

5000 രൂപയ്ക്ക് മുകളിലാണ് നിങ്ങള്‍ അടിച്ച സമ്മാനത്തുകയെങ്കില്‍ ലോട്ടറി ഓഫ്സുകളിലോ ലോട്ടറി ഡയറക്ടറേറ്റിലോ, ബാങ്കുകളിലോ സമ്മാനാര്‍ഹമായ ടിക്കറ്റ് നല്‍കി മാറ്റിയെടുക്കണം. 5,000 രൂപയ്ക്ക് മുകളില്‍ സമ്മാനമുള്ള ലോട്ടറികളും 1 ലക്ഷം രൂപ വരെയുള്ള സമ്മാന ടിക്കറ്റുകളും ജില്ലാ ലോട്ടറി ഓഫീസുകളിലും, 1 ലക്ഷത്തില്‍ കൂടുതല്‍ സമ്മാനത്തുകയുള്ള ടിക്കറ്റുകള്‍ കേരള ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നുമാണ് മാറ്റിയെടുക്കേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here