യുപിയിലെ ബറേലിയിലെ ക്ഷേത്രത്തിനുള്ളില്‍ നിസ്‌കരിച്ചതിന് അമ്മയേയും മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. ബറേലിയിലെ പുരാതന ശിവക്ഷേത്രത്തിലാണ് ഇരുവരും നിസ്‌കാരം നടത്തിയത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
സജ്‌ന എന്ന 45കാരിയും മകളായ സബീന (19)യുമാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. കേസില്‍ ഒരു മൗലവി (ഇസ്ലാം മതാധ്യാപകനെയും)യെയിം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിനുള്ളില്‍ നിസ്‌കാരം നടത്താന്‍ ഇവരെ നിര്‍ദ്ദേശിച്ചത് ഇദ്ദേഹമാണെന്നാണ് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചത്.
മത പാഠശാലയിലെ അധ്യാപകനായ ചമന്‍ ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് സജ്‌നയും സബീനയും കേസര്‍പൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്ര പരിസരത്ത് എത്തിയത്. ശേഷം ഇവര്‍ നിസ്‌കാരം ആരംഭിച്ചു. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തില്‍ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാക്കുമെന്നായിരുന്നു ചമന്‍ ഷാ ഇവരോട് പറഞ്ഞിരുന്നത്.
ശനിയാഴ്ച ഉച്ചയോടെ ക്ഷേത്രത്തിലെത്തിയ ഇവര്‍ മറ്റുള്ളവര്‍ നോക്കിനില്‍ക്കെ നിസ്‌കരിക്കാന്‍ ആരംഭിച്ചു. ഇത് കണ്ട് നിന്ന ചിലര്‍ ഇവരെ എതിര്‍ത്തു. എന്നാല്‍ ആളുകളുടെ എതിര്‍പ്പ് അവഗണിച്ചായിരുന്നു ക്ഷേത്രപരിസരത്ത് ഇവര്‍ നിസ്‌കരിച്ചത്.
”മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഗൂഢാലോചന, മതവികാരത്തെ വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് ജീവിക്കുന്ന ഗ്രാമമാണിത്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ പ്രദേശത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്,” ഭൂട്ട പോലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് രാജേഷ് കുമാര്‍ മിശ്ര പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഈ വീഡിയോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിലേക്കും സംസ്ഥാന പോലീസ് മേധാവിയ്ക്കും അയച്ചുകൊടുത്തിട്ടുണ്ടെന്ന് കേസര്‍പൂര്‍ ഗ്രാമത്തലവന്‍ പ്രേം സിംഗ് പറഞ്ഞു.