ചരിത്രത്തിലാദ്യമായി, ക്ഷേത്ര പുരോഹിതരാകാനുള്ള പരിശീലനം പൂർത്തിയാക്കിയ തമിഴ്‌നാട്ടിലെ മൂന്ന് യുവതികളെ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ അസിസ്റ്റന്റ് പൂജാരിമാരായി നിയമിക്കുന്നു. കൃഷ്ണവേണി, എസ് രമ്യ, എൻ രഞ്ജിത എന്നിവരെ സംസ്ഥാന സർക്കാരിനു കീഴിലുള്ള ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ് നിയമിക്കുക.
ശ്രീരംഗത്തെ ശ്രീ രംഗനാഥർ ക്ഷേത്രം നടത്തുന്ന അർച്ചകർ ട്രെയിനിംഗ് സ്‌കൂളിൽ കോഴ്‌സ് പൂർത്തിയാക്കിയ ഈ മൂന്ന് സ്ത്രീകൾക്കും പുരുഷന്മാർക്കും തമിഴ്‌നാട് മന്ത്രി ശേഖർ ബാബു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
2021-ൽ ദ്രാവിഡ മുനേത്ര കഴകം (ഡിഎംകെ) സർക്കാർ അധികാരത്തിൽ വന്നപ്പോൾ, എല്ലാ ജാതിയിൽപ്പെട്ടവർക്കും പുരോഹിത പരിശീലനം നൽകാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. താൽപ്പര്യമുള്ള സ്ത്രീകൾക്കും പരിശീലനത്തിൽ പങ്കെടുക്കാമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് കൃഷ്ണവേണി, എസ്. രമ്യ, എൻ. രഞ്ജിത എന്നിവർ പരിശീലനത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്.
പുജാരിമാരാവാൻ ആഗ്രഹിക്കുന്ന മറ്റ് സ്ത്രീകൾക്കും അവസരമുണ്ടെന്ന് ഈ സ്ത്രീകൾ പറയുന്നു.
“സ്ത്രീകൾക്കും പുജാരിമാരാകാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ, എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യമുള്ളതിനാൽ ഞങ്ങൾ അതിനെ ഒരു അവസരമായാണ് കണ്ടത്.”- കടലൂരിൽ നിന്നുള്ള എംഎസ്‌സി ബിരുദധാരിയായ രമ്യ ഇന്ത്യാ ടുഡേ ടിവിയോട് പറഞ്ഞു.
പരിശീലനം തുടക്കത്തിൽ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും രമ്യ സൂചിപ്പിച്ചു. “പഠനം ബുദ്ധിമുട്ടുള്ളതായിരുന്നെങ്കിലും, ഞങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഞങ്ങളുടെ അധ്യാപകനായ സുന്ദർ ഭട്ടറും നന്നായി പഠിപ്പിച്ചു. സർക്കാരിനും എല്ലാ അധ്യാപകർക്കും പിന്തുണ നൽകിയതിന് നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” -രമ്യ കൂട്ടിച്ചേർത്തു.
അതേസമയം പ്രായോഗിക പരിശീലന കാലയളവ് പൂർത്തിയാകുമ്പോൾ ക്ഷേത്രങ്ങളിൽ സ്ഥിരം പൂജാരിമാരായി പ്രവർത്തിക്കാൻ കഴിയുമെന്ന് കൃഷ്ണവേണി പ്രതീക്ഷ പ്രകടിപ്പിച്ചു. “എനിക്ക് ദൈവത്തെ സേവിക്കാനും ജനങ്ങളെ സേവിക്കാനും ആഗ്രഹമുണ്ട്. അതുകൊണ്ടാണ് ഞാൻ ഈ മേഖല തിരഞ്ഞെടുത്തത്.”- കൃഷ്ണവേണി വ്യക്തമാക്കി.