കനത്ത മഴയെ തുടര്‍ന്ന് ജമ്മു – രജൗരി ഹൈവേയില്‍ മണ്ണിടിച്ചില്‍. പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടതായും യാത്രക്കാര്‍ കുടുങ്ങിയതായും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.
ഉത്തര്‍പ്രദേശിലും സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 9 പേര്‍ മരണപ്പെട്ടു. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം 28 ആയി. വീടിന്റെ മേല്‍ക്കൂര തകര്‍ന്നും ഇടിമിന്നലേറ്റും മുങ്ങി മരണങ്ങളുമാണ് സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ റിപ്പാര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 48 മണിക്കൂറിനിടെ സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ 100 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായും മറ്റ് 10 ജില്ലകളില്‍ 50 മില്ലീമീറ്റലധികം മഴ ലഭിച്ചതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബഹ്‌റൈച്ചിലെയും ബരാബങ്കിയിലെയും ചില ഭാഗങ്ങളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 250 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയില്‍ നാളെ വരെ കനത്ത മഴയ്ക്കും 17 വരെ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ദുരിതാശ്വാസ കമ്മീഷണറുടെ ഓഫീസ് അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും 17 വരെ മഴയ്ക്കും 15 വരെ ഇടിമിന്നലിനും സാധ്യതയുണ്ട്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സെപ്റ്റംബര്‍ 17 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുകയാണെന്നും ഇത് മൂലം ഒഡീഷയുടെ ചില ഭാഗങ്ങളില്‍ സെപ്റ്റംബര്‍ 15 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും ഐഐഎംഡി അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.