23 ദിവസത്തിനുള്ളില്‍ ജീവനൊടുക്കിയത് 10 സിആര്‍പിഎഫ് ജവാൻമാർ

0
67

ലോകത്തെ ഏറ്റവും വലിയ സായുധ സേനകളിലൊന്നാണ് ഇന്ത്യയിലെ സിആര്‍പിഎഫ്. ഈ കേന്ദ്രസേനയുടെ കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്ത് വരുന്ന 10 പട്ടാളക്കാരാണ് കഴിഞ്ഞ 23 ദിവസത്തിനിടെ ജീവനൊടുക്കിയത്. ഇതോടെ വിഷയത്തില്‍ നടപടിയെടുക്കാന്‍ ഉന്നതനേതൃത്വം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സേനയിലെ സൂപ്പര്‍ വൈസിംഗ് ഓഫീസര്‍ ചില പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ‌

2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 194 പേരാണ് സേനയില്‍ ജീവനൊടുക്കിയത്. സിആര്‍പിഎഫിന്റെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള പത്ത് പേരാണ് ഇക്കഴിഞ്ഞ 23 ദിവസത്തിനിടെ ജീവനൊടുക്കിയത്. സ്‌പെഷ്യലൈസ്ഡ് വിംഗ്, ആന്റി-നക്‌സ യൂണിറ്റ് കോബ്ര, ജമ്മു കശ്മീര്‍ യൂണിറ്റിലെ പുല്‍വാമ, ശ്രീനഗര്‍ എന്നിവിടങ്ങളിലുള്ളവര്‍, അസം, ഒഡീഷ, ജാര്‍ഖണ്ഡ്, എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് ജീവനൊടുക്കിയത്. ഇന്‍സ്‌പെക്ടര്‍ റാങ്ക് മുതല്‍ കോബ്ര ഫോഴ്‌സ് റാങ്കിലുള്ളവര്‍ വരെ ജീവനൊടുക്കിയവരില്‍ ഉള്‍പ്പെടുന്നു.

ഈ വിഷയം നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചചെയ്തിരുന്നു. ഈയടുത്ത് നടന്ന ചിന്തന്‍ ശിവിറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ വിഷയത്തില്‍ ആശങ്കയറിച്ചിരുന്നു. ഇതോടെയാണ് ഇത്തരം മരണങ്ങള്‍ തടയുന്നതിന് സൂപ്പര്‍ വൈസിംഗ് ഓഫീസര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കാന്‍ തീരുമാനിച്ചത്. ഇത്തരം മരണങ്ങള്‍ സൂപ്പര്‍വൈസിംഗ് ഓഫീസറുടെ വാര്‍ഷിക പ്രകടന പട്ടികയില്‍ പരാമര്‍ശിച്ചാല്‍ അത് അദ്ദേഹത്തിന്റെ പ്രമോഷന്‍ സാധ്യതകളെയാണ് ഇല്ലാതാക്കുന്നത് എന്ന് സേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ന്യൂസ് 18നോട് പറഞ്ഞു.

ഉയരുന്ന മരണസംഖ്യ

2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ജീവനൊടുക്കിയ പട്ടാളക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2018ല്‍ മാത്രം ജീവനൊടുക്കിയത് 36 ജവാന്‍മാരാണ്. 40 പട്ടാളക്കാരാണ് 2019ല്‍ ജീവനൊടുക്കിയത്. 2020 ആയപ്പോഴേക്കും ജീവനൊടുക്കിയവരുടെ എണ്ണം 54 ആയി വര്‍ധിച്ചു. 2021ല്‍ 57 പട്ടാളക്കാരാണ് ജീവനൊടുക്കിയത്. 2022ല്‍ ജീവനൊടുക്കിയ പട്ടാളക്കാരുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 43 പേരാണ് ഇക്കാലയളവില്‍ ജീവനൊടുക്കിയത്. ഈ വര്‍ഷം ആഗസ്റ്റ് 12 മുതല്‍ സെപ്റ്റര്‍ 4 വരെയുള്ള ദിവസങ്ങളില്‍ 10 പട്ടാളക്കാരാണ് സ്വയം ജീവനൊടുക്കിയത്. കണക്കുകള്‍ പ്രകാരം ഈ വര്‍ഷം സിആര്‍പിഎഫില്‍ ആത്മഹത്യ ചെയ്ത 34 മരണങ്ങളില്‍ 30% കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്.

തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നക്‌സല്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപ ബാധിത പ്രദേശങ്ങളിലെ ചുമതലകള്‍, തിരഞ്ഞെടുപ്പ് ചുമതലകള്‍, ക്രമസമാധാന പരിപാലനം, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നവരാണ് എല്ലാ പട്ടാളക്കാരും. എപ്പോഴും കര്‍മ്മനിരതരായിരിക്കുന്നവരാണ് അവരെന്നും മുതിര്‍ന്ന സേനാംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കുടുംബതര്‍ക്കം, വൈവാഹിക തര്‍ക്കം, തുടങ്ങിയ വ്യക്തിപരമായ കാരണങ്ങളാണ് പട്ടാളക്കാരെ ജീവനൊടുക്കുന്നതിലേക്ക് നയിക്കുന്നത്. പ്രൊഫഷണല്‍ കാരണങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

നടപടികള്‍

ബഡ്ഡി സിസ്റ്റം: രണ്ട് ജവാന്‍മാരെ ഒരുമിച്ച് ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സംവിധാനമാണിത്. ജോലിയും താമസവും എല്ലാം ഒരുമിച്ചായിരിക്കും. ഇതില്‍ ഒരാളുടെ പെരുമാറ്റത്തില്‍ എന്തെങ്കിലും അസ്വാഭാവികത പ്രകടമായാല്‍ മറ്റേയാള്‍ക്ക് ഉടന്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ അറിയിക്കാനാകും.

ചൗപല്‍ സിസ്റ്റം: സിആര്‍പിഎഫ് ജീവനക്കാരും ഉദ്യോഗസ്ഥരും അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്ന സംവിധാനമാണിത്. തങ്ങളുടെ മനസ്സിലുള്ളകാര്യങ്ങള്‍ തുറന്ന് പറയാന്‍ അവരെ സഹായിക്കുന്ന സംവിധാനമാണിത്. മുതിര്‍ന്ന ഓഫീസര്‍മാരും ജൂനിയര്‍ ജീവനക്കാരും ഒരുമിച്ചിരുന്ന തങ്ങളുടെ വിചാരങ്ങള്‍ പങ്കുവെയ്ക്കുന്ന ഇടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here