ആസിയാന്‍-ഇന്ത്യ, കിഴക്കന്‍ ഏഷ്യ ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യയിലെത്തി. തന്ത്രപ്രധാനമായ മേഖലയിലെ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ ഭാവി രൂപരേഖകള്‍ യോഗങ്ങളില്‍ ചര്‍ച്ച ചെയ്യും.
ജക്കാര്‍ത്തയില്‍ എത്തിയെന്നും ആസിയാനുമായി ബന്ധപ്പെട്ട മീറ്റിംഗുകള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ X-ല്‍ പോസ്റ്റ് ചെയ്തു. പ്രധാനപ്പെട്ട പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലെ ചര്‍ച്ചകള്‍ക്കായി ആസിയാന്‍, ഇഎഎസ് നേതാക്കളുമായി ഇടപഴകാനുള്ള അവസരമാണിതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു.
ജക്കാര്‍ത്തയില്‍ ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഇതിന് ശേഷം പതിനെട്ടാമത് കിഴക്കന്‍ ഏഷ്യ ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. മീറ്റിംഗുകള്‍ക്ക് ശേഷം ഉടന്‍ തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങും. സെപ്തംബര്‍ 9, 10 തീയതികളില്‍ ഇന്ത്യ G20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്.
ആസിയാനുമായുള്ള ഇടപെടല്‍ ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ പ്രധാന സ്തംഭമാണെന്നാണ് ജക്കാര്‍ത്തയിലേക്ക് തിരിക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി പറഞ്ഞത്. ‘നാലാം ദശകത്തിലേക്ക് കടന്നിരിക്കുന്ന നമ്മുടെ പങ്കാളിത്തത്തിന്റെ ഭാവി രൂപരേഖകളെക്കുറിച്ച് ആസിയാന്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആസിയാനുമായുള്ള ഇടപഴകല്‍ ഇന്ത്യയുടെ ‘ആക്റ്റ് ഈസ്റ്റ്’ നയത്തിന്റെ ഒരു പ്രധാന സ്തംഭമാണ്.’ അദ്ദേഹം വിശദീകരിച്ചു.
‘ഭക്ഷണം, ഊര്‍ജ്ജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവയുള്‍പ്പെടെയുള്ള മേഖലയുടെ പ്രാധാന്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഉപയോഗപ്രദമായ അവസരമാണിത്. ആഗോള വെല്ലുവിളികളെ കൂട്ടായി നേരിടുന്നതിനുള്ള പ്രായോഗിക സഹകരണ നടപടികളെക്കുറിച്ച് മറ്റ് EAS നേതാക്കളുമായി കാഴ്ചപ്പാടുകള്‍ കൈമാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ,’ പ്രധാനമന്ത്രി പറഞ്ഞു.