ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് ചന്ദ്രയാൻ 3 യുടെ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചത്. “ഇന്ത്യയ്ക്കും മുഴുവന്‍ മനുഷ്യകുലത്തിനും അഭിമാന നിമിഷം. ഐ എസ് ആര്‍ഒയ്ക്കും ചന്ദ്രയാന്‍ 3 നും വിക്രം ലാന്‍ഡറിനും ഇത് യാഥാര്‍ഥ്യമാക്കാന്‍ സംഭാവന ചെയ്ത ഓരോരുത്തര്‍ക്കും നന്ദി. പ്രപഞ്ചത്തിന്‍റെ നിഗൂഢത അറിയാനും ആഘോഷിക്കാനും ഇത് നമ്മെ നയിക്കട്ടെ”എന്നാണ് പ്രകാശ് രാജ് കുറിച്ചത്.
ഏതാനും ദിവസം മുന്‍പ് വിക്രം ലാന്‍ഡറില്‍ നിന്ന് അയച്ച ചന്ദ്രനില്‍ നിന്നുള്ള ആദ്യ ചിത്രമെന്ന തലക്കെട്ടോടെ പ്രകാശ് രാജ് ട്വീറ്റ് ചെയ്ത ചിത്രം വിവാദമായിരുന്നു. ചായ അടിക്കുന്ന ഒരാളുടെ ചിത്രമായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട് ഹിന്ദു സംഘടനാ പ്രവര്‍ത്തകരുടെ പരാതിയിൽ കർണാടകയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ നടനെതിരെ കേസും എടുത്തിരുന്നു.ചന്ദ്രനിലെത്തിയാലും ചായക്കട നടത്തുന്ന ഒരു മലയാളി കാണുമെന്ന തമാശക്കഥയാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഇതിൽ അദ്ദേഹം വിശദീകരണം നൽകിയിരുന്നു.
അതിനിടെ നടന്‍ പ്രകാശ് രാജ് ഇന്ത്യ വിട്ട് അദ്ദേഹത്തിന് ഇഷ്ടമുള്ള രാജ്യത്തേക്ക് പോകണമെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ പറഞ്ഞു. രാജ്യത്തോട് മാത്രമല്ല, ശാസ്ത്രത്തോടും തികഞ്ഞ അനാദരവമാണ് നടന്‍ കാട്ടിയതെന്നും പരാമർശത്തിന് മറുപടിയായി മന്ത്രി അഭിപ്രായപ്പെട്ടു.