നെഹ്‌റു സ്മാരകത്തിന്റെ പേരുമാറ്റിയ കേന്ദ്ര സർക്കാർ നീക്കത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്.

0
74

നെഹ്‌റുവിന്റെ പൈതൃകത്തെ ‘നിഷേധിക്കുക, വളച്ചൊടിക്കുക, അപകീർത്തിപ്പെടുത്തുക, നശിപ്പിക്കുക’ എന്ന ഒരൊറ്റ അജണ്ടയാണ് നരേന്ദ്ര മോദിക്കുള്ളതെന്ന് കോൺഗ്രസ് ആരോപിച്ചു. സ്വാതന്ത്ര്യ ദിനത്തിലാണ് ഡല്‍ഹിയിലെ നെഹ്റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ (എന്‍എംഎംഎല്‍) പേര് മാറ്റി ‘പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി’ എന്നാക്കിയ ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.

നിരന്തരമായ ആക്രമണങ്ങൾക്കിടയിലും ജവഹർലാൽ നെഹ്‌റുവിന്റെ പൈതൃകം ലോകത്തിന് മുന്നിൽ നിലനിൽക്കുമെന്നും വരും തലമുറകൾക്ക് അദ്ദേഹം പ്രചോദനം നൽകുന്നത് തുടരുമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു.

“ഇന്ന് മുതൽ ഒരു ഐക്കണിക് സ്ഥാപനത്തിന് പുതിയ പേര് ലഭിക്കുന്നു. ലോകപ്രശസ്ത നെഹ്‌റു മെമ്മോറിയൽ മ്യൂസിയവും ലൈബ്രറിയും (എൻഎംഎംഎൽ) PMML-പ്രൈം മിനിസ്റ്റേഴ്‌സ് മെമ്മോറിയൽ മ്യൂസിയവും ലൈബ്രറിയും ആയി മാറുന്നു. മോദിക്ക് ഭയങ്ങളുടെയും സങ്കീർണ്ണതകളുടെയും അരക്ഷിതാവസ്ഥയുടെയും ഒരു വലിയ ശേഖരം ഉണ്ട്, പ്രത്യേകിച്ച് നെഹ്‌റുവിനേയും നെഹ്‌റുവിയൻ പൈതൃകത്തേയും നിഷേധിക്കുക, വളച്ചൊടിക്കുക, അപകീർത്തിപ്പെടുത്തുക, നശിപ്പിക്കുക എന്ന ഒരൊറ്റ പോയിന്റ് അജണ്ടയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്”- ജയറാം രമേഷ് ട്വീറ്റ് ചെയ്തു.

“പക്ഷേ, സ്വാതന്ത്ര്യസമരത്തിലെ നെഹ്‌റുവിന്റെ മഹത്തായ സംഭാവനകളും ഇന്ത്യൻ ദേശീയ-രാഷ്ട്രത്തിന്റെ ജനാധിപത്യ, മതേതര, ശാസ്ത്രീയ, ഉദാരവൽക്കരണ അടിത്തറ കെട്ടിപ്പടുക്കുന്നതിലെ അദ്ദേഹത്തിന്റെ മഹത്തായ നേട്ടങ്ങളും ചരിത്രത്തിൽ നിന്ന് മായ്ച്ചു കളയാൻ മോദിക്കാവില്ല.”- അദ്ദേഹം പറഞ്ഞു.

എന്‍എംഎംഎല്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ നൃപേന്ദ്ര മിശ്രയാണ് പുനര്‍നാമകരണം സംബന്ധിച്ച വാര്‍ത്ത സ്ഥിരീകരിച്ചത്. നേരത്തെ മ്യൂസിയത്തിന്റെം എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ വൈസ് ചെയര്‍മാനും ‘എക്സ്’ പ്ലാറ്റ്‌ഫോമില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു.

ജൂണ്‍ പകുതിയോടെ ചേര്‍ന്ന എന്‍എംഎംഎല്‍ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പിഎംഎംഎല്‍ സൊസൈറ്റി എന്നാക്കി പേര് മാറ്റാന്‍ തീരുമാനിച്ചത്. സൊസൈറ്റി വൈസ് പ്രസിഡന്റും പ്രതിരോധ മന്ത്രിയുമായ രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. പുതിയ പേരില്‍ ഔദ്യോഗിക മുദ്ര പതിപ്പിക്കുന്നതിന് ചില ഭരണപരമായ നടപടിക്രമങ്ങള്‍ ആവശ്യമാണെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അന്തിമ അനുമതി ലഭിച്ചതായും അധികൃതര്‍ പറഞ്ഞു. പുനര്‍നാമകരണം പ്രാബല്യത്തില്‍ വരുന്നതിനുള്ള തീയതി ഓഗസ്റ്റ് 14 ആക്കാനാണ് എന്‍എംഎംഎല്‍ അധികൃതരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here