പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ പൂനെ നഗരം സന്ദർശിക്കും. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ലോകമാന്യ തിലക് ദേശീയ അവാർഡ് സ്വീകരിക്കുകയും ചെയ്യും. ശേഷം പ്രധാനമന്ത്രി മോദി ദഗ്ദുഷേത് മന്ദിറിൽ ദർശനവും പൂജയും നടത്തും.
ലോകമാന്യ തിലകിന്റെ പൈതൃകത്തെ ആദരിക്കുന്നതിനായി തിലക് സ്മാരക മന്ദിര് ട്രസ്റ്റ് 1983-ൽ രൂപീകരിച്ച ലോകമാന്യ തിലക് ദേശീയ അവാർഡ് രാവിലെ 11:45 ന് മോദിക്ക് നൽകുമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. എല്ലാ വർഷവും ലോകമാന്യ തിലകിന്റെ ചരമവാർഷികമായ ഓഗസ്റ്റ് 1 നാണ് ഈ അവാർഡ് നൽകുന്നത്.
പരിപാടിയിലേക്ക് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) തലവൻ ശരദ് പവാറിനെ മുഖ്യാതിഥിയായി ക്ഷണിച്ചിട്ടുണ്ടെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു. അവാർഡ് ദാന ചടങ്ങിൽ പവാർ പങ്കെടുക്കുമെന്ന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് രോഹിത് തിലകാണ് സ്ഥിരീകരിച്ചത്.
“പരിപാടിയിൽ മാറ്റമൊന്നുമില്ല, മുഖ്യാതിഥി പവാർ സാഹിബ് ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ, മഹാരാഷ്ട്ര ഗവർണർ രമേഷ് ബൈസ്, ട്രസ്റ്റി കൂടിയായ സുശീൽ കുമാർ ഷിൻഡെ എന്നിവരും പങ്കെടുക്കും. തങ്ങളുടേത് അരാഷ്ട്രീയ സംഘടനയാണെന്നും സമൂഹത്തിന്റെ നാനാതുറകളിലുള്ളവർക്കും അവാർഡ് നൽകിയിട്ടുണ്ടെന്നും രോഹിത് തിലക് പറഞ്ഞു.
പുരസ്‌കാരം നേടുന്ന 41-ാമത്തെ വ്യക്തിയാകും മോദി. ശങ്കർ ദയാൽ ശർമ്മ, പ്രണബ് മുഖർജി, അടൽ ബിഹാരി വാജ്‌പേയി, ഇന്ദിരാഗാന്ധി, മൻമോഹൻ സിംഗ്, എൻആർ നാരായണ മൂർത്തി, ഇ ശ്രീധരൻ തുടങ്ങിയ പ്രമുഖർക്ക് അവാർഡ് മുൻപ് സമ്മാനിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12:45 ന് പ്രധാനമന്ത്രി മെട്രോ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടുന്നതും നിർവഹിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
പൂഗേവാഡി സ്റ്റേഷനിൽ പൂർത്തിയാക്കിയ വിവിധ ഭാഗങ്ങളുടെ സർവീസ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യുകയും മെട്രോ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യും. 2016ൽ പ്രധാനമന്ത്രി മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. പുണെ നഗരത്തിലെ പ്രധാന സ്ഥലങ്ങളായ ശിവാജി നഗർ, സിവിൽ കോടതി, പൂനെ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസ്, പൂനെ ആർടിഒ, പുണെ റെയിൽവേ സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് പുതിയ സെക്ഷനുകൾ.
രാജ്യത്തുടനീളം ആധുനികവും പരിസ്ഥിതി സൗഹൃദവുമായ ബഹുജന അതിവേഗ നഗര ഗതാഗത സംവിധാനങ്ങൾ പൗരന്മാർക്ക് നൽകാനുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ ഉദ്ഘാടനമെന്ന് പിഐബി പ്രസ്താവനയിൽ പറഞ്ഞു.