മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വക്കം പുരുഷോത്തമന്‍ അന്തരിച്ചു. 96 വയസ്സായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 1946ല്‍ സ്റ്റുഡന്റ്സ് കോണ്‍ഗ്രസ് എന്ന വിദ്യാര്‍ത്ഥി സംഘടന വഴി പൊതുരംഗത്തേക്ക് പ്രവേശിച്ചു.
1953-ല്‍ വക്കം ഗ്രാമ പഞ്ചായത്ത് അംഗമായി പാര്‍ലമെന്ററി ജീവിതം ആരംഭിച്ചു. മിസോറാമിലും ആന്‍ഡമാനിലും ഗവര്‍ണര്‍ പദവി വഹിച്ചിരുന്നു. ദീര്‍ഘകാലം ആറ്റിങ്ങലില്‍ നിന്ന് നിയമസഭയിലെത്തി. ലോക്സഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ്, കെപിസിസിയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ താലൂക്കിലെ വക്കം ഗ്രാമത്തില്‍ ഭാനു പണിക്കരുടേയും ഭവാനിയുടേയും മകനായി 1928 ഏപ്രില്‍ 12 നായിരുന്നു ജനനം.