കാസർകോഡ് ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും ചലച്ചിത്ര താരവുമായ അഡ്വ. സി.ഷുക്കൂർ ഉൾപ്പെടെ നാലുപേർക്കെതിരേ കേസെടുക്കാൻ കോടതിയുടെ നിർദേശം. ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയാണ് നിർദേശം നൽകിയത്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയില്‍ ഷൂക്കര്‍ വക്കീല്‍ എന്ന കഥാപാത്രത്തിലൂടെ ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. കേസില്‍ വ്യാജരേഖ ചമച്ചെന്ന കളനാട് കട്ടക്കാൽ സ്വദേശി എസ്.കെ.മുഹമ്മദ് കുഞ്ഞി (78) യുടെ ഹർജിയിലാണ് നടപടി.
മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ, മകൻ ഇഷാം, സ്ഥാപനത്തിന്റെ സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർക്കെതിരെയും കേസെടുക്കാൻ നിർദേശം. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഡയറക്ടർമാരെ കൂടി ക്രൈംബ്രാഞ്ച് പ്രതി ചേർത്തിരുന്നു. കേസിലെ 11-ാം പ്രതിയാണ് മുഹമ്മദ് കുഞ്ഞി. തന്‍റെ അറിവോ സമ്മതമോ കൂടാതെയാണ് സ്ഥാപനത്തിന്‍റെ ഡയരക്ടറാക്കിയതെന്ന് ഇദ്ദേഹം ഹർജിയിൽ പറയുന്നു. കൂടാതെ തന്റെ ഒപ്പും വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ വ്യാജരേഖ ഉണ്ടാക്കിയത് സംബന്ധിച്ച് തനിക്ക് യാതൊരു ബന്ധവുമില്ലെ്ന്ന് അഡ്വ. സി.ഷുക്കൂർ പറഞ്ഞു. കേസുമായി പോലീസ് മുന്നോട്ടുപോകട്ടെയെന്നും തെറ്റിദ്ധാരണകളുടെ പുറത്താകാം തനിക്കെതിരെ പരാതി നൽകിയതെന്നും അഡ്വ. ഷുക്കൂർ പറഞ്ഞു. കേസ് രാഷ്ട്രീയ ഉദ്ദേശത്തോടുകൂടി ഉള്ളതാണെന്നും തൻറെ മുമ്പിൽ ഹാജരായവര്‍ക്ക് മാത്രമേ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തി നൽകിയിട്ടുള്ളൂ എന്നും അഡ്വ ഷുക്കൂർ അറിയിച്ചു.