ശ്രോതാക്കളുടെ മനസ്സിലിടം പിടിച്ച ആകാശവാണി അനന്തപുരി എഫ്എമ്മിന്റെ പ്രക്ഷേപണം അവസാനിപ്പിച്ചു. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥര്‍ പോലും അറിയാതെ അതീവ രഹസ്യമായായിരുന്നു പ്രസാര്‍ഭാരതിയുടെ നീക്കം. പ്രാദേശിക എഫ്എമ്മുകള്‍ നിര്‍ത്തലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് അനന്തപുരിയുടെ ഹൃദയതാളം നിലച്ചത്. 45 ലക്ഷത്തോളം ശ്രോതാക്കളുള്ള എഫ്എം നിര്‍ത്തിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
2005ല്‍ കേരളപ്പിറവി ദിനത്തില്‍ പ്രക്ഷേപണം ആരംഭിച്ച അനന്തപുരി എഫ്എമ്മിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് ശ്രോതാക്കളുള്ളത്. ചലച്ചിത്രഗാന പരിപാടികള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് ട്രെയിന്‍ സമയക്രമം,ജലവിതരണം, ഗതാഗത അറിയിപ്പുകള്‍ അടക്കമുള്ളവ അനന്തപുരി എഫ്എമ്മിലൂടെ ജനങ്ങളിലേക്ക് എത്തിയിരുന്നു. കേരളത്തിലെ ആദ്യ എഫ് എമ്മാണിത്.

കഴിഞ്ഞ കുറച്ച് കാലങ്ങളായി എഫ്എം നിര്‍ത്തുമെന്ന സൂചനകള്‍ പ്രചരിച്ചിരുന്നു. ഇതിനിടെ 2022 ജനുവരി ഒന്നിന് എഫ്എമ്മിന്റെ പേരും പരിപാടികളും മാറ്റി. ‘വിവിധ ഭാരതി ആകാശവാണി മലയാളം’ എന്ന പേരിനൊപ്പം ഹിന്ദി പരിപാടികളും കൂടുതലായി ഉള്‍പ്പെടുത്തി. ഈ നീക്കം പ്രതിഷേധങ്ങള്‍ക്ക് വഴിതെളിച്ചു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിക്കും പ്രസാര്‍ഭാരതി സിഇഒയ്ക്കും രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് കത്തയച്ചു. കേന്ദ്രമന്ത്രി വി മുരളീധരനും വിഷയത്തില്‍ ഇടപെട്ടു. ഇതോടെ എഫ്എം ‘അനന്തപുരി വിവിധ് ഭാരതി മലയാളം’ എന്നായി.
ഇതിന് പിന്നാലെ ചാനല്‍ മേധാവിയെ തന്നെ മാറ്റി കൂടുതല്‍ നടപടികളിലേക്ക് പ്രസാര്‍ഭാരതി കടന്നു. അന്ന് മല്ലിക കുറുപ്പിനെ മാറ്റിയതോടെ ചാനലിന്റെ നിയന്ത്രണം മുംബൈ വിവിധ ഭാരതിക്ക് ലഭിച്ചു. ഏറ്റവും ഒടുവില്‍ എഫ് എം നിര്‍ത്തലാക്കാനുള്ള കടുത്ത തീരുമാനത്തിലേക്ക് കേന്ദ്ര കടന്നതിന്റെ നിരാശയിലാണ് ശ്രോതാക്കള്‍.