ആര്‍.എസ്.വിമല്‍ കഥയും തിരക്കഥയും രചിച്ച്നിര്‍മ്മിക്കുന്ന ശശിയും ശകുന്തളയും ട്രെയ്‌ലര്‍ ലോഞ്ച് വ്യാഴാഴ്ച (ജൂലായ് 20) വൈകീട്ട് ആറുമണിക്ക് കൊച്ചിയിലെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ വെച്ച് നടക്കും. ഉണ്ണി മുകുന്ദനും സിദ്ദിഖും സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. നവാഗതനായ ബിച്ചാൾ മുഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാന്റിക് സസ്പെൻസ് ത്രില്ലർ ആണ് ചിത്രം. ആർ എസ് വിമലിനൊപ്പം സലാം താനിക്കാട്ട് നേഹ (ആമി ) എന്നിവരും കൂടെ ചിത്രത്തിന്റെ നിർമാണ പങ്കാളികളാവുന്നു. വിമലിന്റെ തന്നെ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമ പോലെ ഒരു പീരിയോഡിക്കൽ ചിത്രമാണ് ശശിയും ശകുന്തളയും.
1970 -75 കാലഘട്ടങ്ങളിൽ നടക്കുന്ന ട്യൂട്ടോറിയൽ കോളേജുകളാണ് കഥയുടെ പശ്ചാത്തലം. രണ്ടു പാരലൽ കോളേജുകൾ തമ്മിലുള്ള പകയും അവിടെ അധ്യാപകരായി എത്തുന്ന ഇംഗ്ലീഷ് അധ്യാപകൻ ശശിയും കണക്ക് അധ്യാപിക ശകുന്തളയും തമ്മിലുള്ള പ്രണയവും കോളേജ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ചു പലിശ പരമുവിന്റ അധ്യാപകരോടുള്ള പരിഹാസവും കണക്കു തീർക്കലും എല്ലാം ചേർത്ത് സംഭവബഹുലമായ ഇതിവൃത്തമാണ് സിനിമയുടേത്.
സുധാകരൻ എന്ന കോളേജ് പ്രിൻസിപ്പാളായി അശ്വിൻ കുമാറും ഇംഗ്ലീഷ് അധ്യാപകൻ ശശിയായി ഷാഹിൻ സിദ്ദീഖും എത്തുന്നു. ആർ എസ് വിമൽ പലിശ പരമു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ദീഖ് ശേഖരൻ നായരായും, നേഹ (ആമി )കണക്ക് അധ്യാപികയായ ശകുന്തളയായും, കോളേജിലെ ഹിന്ദി അധ്യാപികയായി രസ്ന പവിത്രനും എത്തുന്നു. ഇവരെ കൂടാതെ ബാലാജി ശർമ്മ ബിനോയ് നമ്പ്യാല സൂര്യ കൃഷ്ണ തുടങ്ങിയവരും പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.