ഡല്‍ഹിയിലെ വെള്ളപ്പൊക്ക സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദി ഫ്രാന്‍സില്‍ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വിളിച്ച് ഡല്‍ഹിയിലെ പ്രളയ സാഹചര്യത്തെക്കുറിച്ച് ചോദിച്ചറിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. ടെലിഫോണ്‍ സംഭാഷണത്തില്‍ ഡല്‍ഹിയിലെ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തെക്കുറിച്ച് ഷാ മോദിയോട് വിശദീകരിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ യമുനയിലെ ജലനിരപ്പ് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
യമുന നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ വെള്ളപ്പൊക്ക സമാനമായ സാഹചര്യം ഉണ്ടായതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായി സംസാരിച്ചതായി ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ജലനിരപ്പ് കുറയാന്‍ സാധ്യതയുണ്ടെന്നും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഷാ അദ്ദേഹത്തോട് വിശദീകരിച്ചു. ആവശ്യത്തിന് എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത നിവാരണ സേന) ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.