15 വർഷത്തിനിടെ ഇന്ത്യയിലെ 415 മില്യൺ ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്ന് യുഎൻ റിപ്പോർട്ട്.

0
77

15 വർഷത്തിനിടെ ഇന്ത്യയിലെ 415 മില്യൺ (41.5 കോടി) ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയെന്ന് യുഎൻ റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ഐക്യരാഷ്ട്രസഭ റിപ്പോർട്ട് പുറത്തു വിട്ടത്. യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമും (UNDP) ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഓക്‌സ്‌ഫോർഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് ഇനീഷ്യേറ്റീവും (OPHI) ചേർന്നാണ് ആഗോള ദാരിദ്ര്യ സൂചിക പുറത്തിറക്കിയത്. ഇന്ത്യ ഉൾപ്പെടെ 25 രാജ്യങ്ങളിൽ ദാരിദ്ര്യം പകുതിയായി കുറഞ്ഞെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ദാരിദ്ര്യനിർമാർജനത്തിൽ ഇനിയും ഇന്ത്യക്ക് വേ​ഗത്തിൽ പുരോഗതി കൈവരിക്കാനാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കംബോഡിയ, ചൈന, കോംഗോ, ഹോണ്ടുറാസ്, ഇന്ത്യ, ഇന്തോനേഷ്യ, മൊറോക്കോ, സെർബിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലെല്ലാം ദാരിദ്ര്യം ​ഗണ്യമായി കുറഞ്ഞെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈനയെ മറികടന്ന്, 1.4286 ബില്യൺ ജനസംഖ്യയുമായി ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രമായി ഇന്ത്യ മാറിയിരുന്നു. ജനസംഖ്യ വർധിച്ചു വരുന്നതിനിടെയാണ് ഇന്ത്യയുടെ ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. ദാരിദ്ര്യ നിർമാർജനത്തിൽ ഇന്ത്യക്ക് ഇനിയും പുരോ​ഗതി കൈവരിക്കാനാകുമെന്നും റിപ്പോർട്ട് ഊന്നിപ്പറയുന്നു.

2005-2006 കാലഘട്ടത്തിൽ 55.1 ശതമാനം ആയിരുന്നു ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ തോത് എങ്കിൽ 2019 മുതൽ 2021 വരെയുള്ള കാലയളവിൽ അത് 16.4 ശതമാനം ആയി കുറഞ്ഞു. 2005 നും 2021 നും ഇടക്കുള്ള കാലയളവിൽ 41.5 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

2005-2006 കാലയളവിൽ ഇന്ത്യയിൽ ഏകദേശം 64.5 കോടി ആളുകൾ ദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നതെങ്കിൽ, 2016 ൽ ഇത് ഏകദേശം 37 കോടിയായി കുറയുകയും 2021 ൽ 23 കോടിയിലേക്ക് എത്തുകയും ചെയ്തു.

ദാരിദ്ര്യം കുറഞ്ഞതിന്റെ ഫലമായി സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിന്നിരുന്ന സംസ്ഥാനങ്ങളും കുട്ടികളും പിന്നാക്ക ജാതി സമൂഹങ്ങളും ഉൾപ്പെടെയുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളും അതിവേഗം പുരോഗതി കൈവരിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

പല തരത്തിലുള്ള സൗകര്യങ്ങളുടെ അഭാവം മൂലം ദാരിദ്ര്യം അനുഭവിക്കുന്നവരും (multidimensionally poor) പോഷകാഹാരം ലഭിക്കാത്തവരുമായ ആളുകളുടെ ശതമാനം 2006-ൽ 44.3 ശതമാനം ആയിരുന്നത് 2021-ൽ 11.8 ശതമാനം ആയി കുറഞ്ഞു. ശിശു മരണനിരക്കും 4.5 ശതമാനത്തിൽ നിന്ന് 1.5 ശതമാനം ആയി കുറഞ്ഞു. ഇതു കൂടാതെ, പാചക വാതകം, ശുചിത്വം തുടങ്ങി അവശ്യ സൗകര്യങ്ങൾ ഇല്ലാത്ത ആളുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. കുടിവെള്ളം, വൈദ്യുതി, ഭവനം തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്ത ആളുകളുടെ എണ്ണവും ഈ കാലയളവിൽ വളരെയധികം കുറഞ്ഞെന്നും റിപ്പോർട്ടിൽ പറയുന്നു.

ദരിദ്രരിൽ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും (73 കോടി പേർ) ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ഉള്ളവരാണെന്നും, ഈ രാജ്യങ്ങളിലെ ദാരിദ്ര്യനിർമാർജന ശ്രമങ്ങൾ കൂടുതൽ ഊർജിതമാക്കണം എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ദാരിദ്ര്യത്തില്‍ കഴിയുന്നവരില്‍ പകുതിയും (56.6 കോടി) 18 വയസിന് താഴെയുള്ള കുട്ടികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here