സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശ്ശൂർ പിടിക്കാൻ ബിജെപി.

0
63

തൃശ്ശൂർ: സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തി, തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിൽ തീപാറുന്ന പോരാട്ടം നടത്താൻ ബിജെപി. വീണ്ടും മത്സരിക്കാനില്ലെന്ന നിലപാട് ടിഎന്‍ പ്രതാപന്‍ എംപി തിരുത്തിയതോടെ രണ്ടാം അങ്കത്തിനുള്ള ഒരുക്കവും തുടങ്ങി. മുന്‍മന്ത്രി വി.എസ് സുനില്‍കുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായി ഇടതുമുന്നണി മുന്നില്‍ കാണുന്നത്.

തൃശ്ശൂര്‍ ഇത്തവണ, സുരേഷ് ഗോപി എടുക്കുമെന്നൊരു അടക്കംപറച്ചിലുണ്ട്. വിട്ടുകൊടുക്കാന്‍ യുഡിഎഫ് ഒരുക്കമേ അല്ല. തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് എല്‍ഡിഎഫും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ തീപാറിക്കും എന്നുറപ്പ്.

പാർട്ടിക്ക് പുറത്ത് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ക്രിസ്ത്യൻ സഭകളുമായി രാഷ്ട്രീയമായി അടുക്കാനുള്ള നീക്കത്തിന്റെ പരീക്ഷണശാലയായും തൃശൂർ മണ്ഡലത്തെ ബിജെപി കാണുന്നുണ്ട്. അതിന് മുൻപേ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തി വോട്ടർമാർക്കിടയിൽ കൂടുതൽ ജനകീയമാക്കാനുള്ള വമ്പൻ പദ്ധതികളും പാർട്ടി ദേശീയ നേതൃത്വത്തിനുണ്ട്.

ലോക്സഭയിലേക്ക് ഇനി മത്സരിക്കാൻ ഇല്ലെന്നും നിയമസഭയാണ് താല്പര്യമെന്നും ടി എൻ പ്രതാപൻ നേരത്തെ പറഞ്ഞിരുന്നു. പരാജയ ഭീതി കാരണമെന്ന തോന്നൽ വോട്ടർമാർക്കിടയിൽ ഉണ്ടാകുമെന്ന ആശങ്ക കോൺഗ്രസ്‌ നേതാക്കളും പങ്കുവെച്ചു. എല്ലാ സിറ്റിംഗ് എം പിമാരും മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ്‌ ലീഡേഴ്സ് മീറ്റിൽ ഉയർന്നത്തോടെ പ്രതാപൻ പാർട്ടിക്ക് വഴങ്ങി. എങ്കിലും പിൻവലിയാനുള്ള സാധ്യത പൂർണമായും മാറിയിട്ടുമില്ല. അങ്ങനെ വന്നാൽ വി ടി ബൽറാം ആകും കോൺഗ്രസിന്‍റെ ചോയ്സ്.

മുൻ മന്ത്രി വി എസ് സുനിൽകുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. സ്ഥാനാർഥി പട്ടികയിൽ ഉണ്ടെങ്കിലും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍റെ ഗുഡ് ലിസ്റ്റിൽ സുനിൽകുമാറിന് ഇടമില്ല. എന്നാൽ പിണറായി വിജയനുമായി നല്ല ബന്ധമുള്ളതിനാൽ മുന്നണിയിൽ നിന്ന് സുനിൽകുമാറിനായി സമ്മർദ്ദം ഉയരും. രാജ്യസഭാംഗം ബിനോയ്‌ വിശ്വത്തെ മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളനാകില്ല.

LEAVE A REPLY

Please enter your comment!
Please enter your name here