ലണ്ടനിൽ ഇന്ത്യൻ വംശജനായ യുവാവ് കുത്തേറ്റ് മരിച്ചു. യുകെയിൽ പഠിക്കുകയായിരുന്ന ഹൈദരാബാദ് സ്വദേശിനിയായ 27കാരിയെ ലണ്ടനിലെ താമസസ്ഥലത്ത് ബ്രസീലിയൻ യുവാവ് കുത്തി കൊലപ്പെടുത്തിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും സമാന സംഭവം ആവർത്തിച്ചത്.
ക്യാംബർവെല്ലിലെ സതാംപ്ടൺ വേയിലുള്ള ഒരു റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലേക്ക് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയതിന് പിന്നാലെ 38കാരനായ ഇന്ത്യൻ വംശജൻ അരവിന്ദ് ശശികുമാറിനെ കത്തികൊണ്ട് മുറിവേറ്റ നിലയിൽ കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. വെളളിയാഴ്ച പുലർച്ചെ 1.31ന് സംഭവസ്ഥലത്ത് വെച്ച് തന്നെ ഇയാൾ മരിച്ചതായി പോലീസ് പ്രസ്‌താവനയിൽ പറഞ്ഞു.
സംഭവത്തിൽ 25കാരനായ സൽമാൻ സലിമിനെതിരെ ശനിയാഴ്‌ച കൊലക്കുറ്റം ചുമത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്‌തു. അതേ ദിവസം തന്നെ ക്രോയിഡൺ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂൺ 20-ന് ഓൾഡ് ബെയ്‌ലിയിൽ ഹാജരാക്കുന്നതിനായി കസ്‌റ്റഡിയിൽ വിട്ടു.
വെള്ളിയാഴ്‌ച നടത്തിയ പോസ്‌റ്റുമോർട്ടം പരിശോധനയിൽ നെഞ്ചിലെ കുത്തേറ്റാണ് ശശികുമാർ മരിച്ചതെന്ന് സ്ഥിരീകരിച്ചതായി ഈവനിംഗ് സ്‌റ്റാൻഡേർഡ് പത്രം റിപ്പോർട്ട് ചെയ്‌തു. കാംബർവെല്ലിന്റെയും പെക്കാമിന്റെയും എംപിയായ ഹാരിയറ്റ് ഹർമൻ ഇതിനെ “ഭയാനകമായ കൊലപാതകം” എന്ന് വിശേഷിപ്പിക്കുകയും, ദുഃഖിതരായ കുടുംബത്തിന് അഗാധമായ അനുശോചനം അറിയിക്കുകയും ചെയ്‌തു.
ബ്രിട്ടീഷ് ഇന്ത്യൻ കൗമാരക്കാരിയായ ഗ്രേസ് ഒമാലി കുമാർ (19 വയസ്), ഹൈദരാബാദിൽ നിന്നുള്ള 27 വയസ്സുകാരി തേജസ്വിനി കോന്തം എന്നിവരെ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊലപ്പെടുത്തിയ യുകെയിലുടനീളമുള്ള സമീപകാല കത്തി ആക്രമണങ്ങളുടെ നിരയിലേക്ക് വെള്ളിയാഴ്‌ചത്തെ സംഭവം കൂടി ചേരുന്നു.