മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ സംഘര്‍ഷത്തിനിടെ മന്ത്രിയുടെ ഔദ്യോഗിക വസതിക്ക് തീയിട്ടു. ഇംഫാല്‍ വെസ്റ്റിലെ മന്ത്രി നെംച കിപ്ഗന്റെ വസതിയാണ് അക്രമികള്‍ കത്തിച്ചത്. ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
മണിപ്പൂരില്‍ പുതിയ അക്രമം
ചൊവ്വാഴ്ച കാംഗ്പോപി ജില്ലയ്ക്ക് കീഴിലുള്ള ഖമെന്‍ലോകിലെ ഒരു ഗ്രാമത്തിലുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമികള്‍ ഗ്രാമത്തിലെത്തി വെടിയുതിര്‍ക്കുകയും തീവെപ്പ് നടത്തുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖമെന്‍ലോകില്‍ അക്രമികള്‍ നിരവധി വീടുകള്‍ കത്തിച്ചു. കൂടാതെ തമെങ്ലോംഗ് ജില്ലയിലെ ഗോബജാംഗില്‍ നിരവധി പേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു.
അക്രമം രൂക്ഷമായ മണിപ്പൂരില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. ക്രമസമാധാന പ്രശ്‌നം തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പട്രോളിംഗ് തുടരുന്നു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തെങ്നൗപാല്‍, ഇംഫാല്‍ ഈസ്റ്റ് ജില്ലകളില്‍ നിന്ന് തോക്കുകളും 63 വെടിക്കോപ്പുകളും കണ്ടെടുത്തു. ഇതുവരെ 1,040 ആയുധങ്ങളും 13,601 വെടിക്കോപ്പുകളും 230 വ്യത്യസ്ത തരം ബോംബുകളും കണ്ടെടുത്തതായി മണിപ്പൂരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിംഗ് പറഞ്ഞു.
അതേസമയം, ഇംഫാല്‍ ഈസ്റ്റ് ജില്ലയിലും ഇംഫാല്‍ വെസ്റ്റ് ജില്ലയിലും ഏര്‍പ്പെടുത്തിയ കര്‍ഫ്യു ഇളവ് അധികൃതര്‍ വെട്ടിക്കുറച്ചു. രാവിലെ 5 മുതൽ വൈകുന്നേരം 6 വരെ കർഫ്യൂവിൽ ഏർപ്പെടുത്തിയിരുന്ന ഇളവാണ് പിൻവലിച്ചത്. മണിപ്പൂരിലെ 16 ജില്ലകളില്‍ 11 എണ്ണത്തിലും കര്‍ഫ്യൂ നിലവിലുണ്ട്. അതേസമയം ഈ വടക്കുകിഴക്കന്‍ സംസ്ഥാനത്തുടനീളം ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.
മണിപ്പൂരിൽ ഒരു മാസം മുമ്പ് പൊട്ടിപ്പുറപ്പെട്ട മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ കലാപത്തിൽ നൂറിലധികം പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 310 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ സൈന്യത്തെയും അർദ്ധ സൈനികരെയും വിന്യസിച്ചിട്ടുണ്ട്.
മെയ് 3ന് പട്ടികവർഗ (എസ്‌ടി) പദവിക്കായി മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് ആദ്യം സംഘർഷമുണ്ടായത്.
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്‌തീസ് ഇംഫാൽ താഴ്‌വരയിലാണ് കൂടുതലും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനത്തോളമുള്ള ആദിവാസികളായ നാഗകളും കുക്കികളും മലയോര ജില്ലകളിലാണ് താമസിക്കുന്നത്.