ആലുവ – അങ്കമാലി റൂട്ടിൽ മെട്രോ വരും,സുപ്രധാന ചുവടുവെപ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്

0
31

കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ട നിർമാണത്തിൻ്റെ നടപടിക്രമങ്ങൾ ആരംഭിക്കാൻ സുപ്രധാന ചുവടുവെപ്പുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). ആലുവയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് നീളുന്ന നിർദിഷ്ട പാതയ്ക്കുള്ള വിശദ പദ്ധതി രേഖ (ഡിപിആർ) തയ്യാറാക്കാനായി കൺസൾട്ടൻസികളെ ക്ഷണിച്ച് റിക്വസ്റ്റ് ഫോർ പ്രൊപ്പോസൽ (ആർഎഫ്പി) കെഎംആർഎൽ പുറപ്പെടുവിച്ചു. ഡിപിആർ തയ്യാറാക്കലിനുള്ള സാമ്പത്തിക സഹായം സംബന്ധിച്ച് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിൽനിന്ന് തത്വത്തിൽ അനുമതി ലഭിച്ചതിന് ശേഷമാണ് ഡിപിആർ കൺസൾട്ടൻസിയെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംആർഎൽ ആരംഭിച്ചത്.

കൊച്ചി മെട്രോയുടെ മൂന്നാംഘട്ടം, തൃപ്പൂണിത്തുറ – ആലുവ പാതയിൽനിന്ന് നീട്ടുന്നതിന് പകരം, പ്രത്യേകം ഒരു പാതയായി നടപ്പിലാക്കാൻ സാധിക്കുമോ എന്ന കാര്യം സംബന്ധിച്ച് സാധ്യതാ പഠനം നടത്തുമെന്ന് ആർഎഫ്പി രേഖകളിൽ വ്യക്തമാക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കൂടാതെ, ഒന്ന്, രണ്ട് ഘട്ടങ്ങളിൽനിന്ന് വിഭിന്നമായി മൂന്നാംഘട്ടത്തിൽ റോളിങ് സ്റ്റോക്ക് രീതി ഉപയോഗിക്കാനാകുമോ എന്നതുസംബന്ധിച്ചും ഡിപിആർ കൺസൾട്ടൻ്റ് സാധ്യതാ പഠനം നടത്തും. ഭാവിയിൽ അങ്കമാലിയിൽനിന്ന് അയ്യമ്പുഴയിലെ നിർദിഷ്ട ഗിഫ്റ്റ് സിറ്റിയിലേക്ക് പാത നീട്ടാനുള്ള സാധ്യതകളും പഠനത്തിന് വിധേയമാക്കുമെന്നും ആർഎഫ്പി രേഖകളിലുണ്ട്.

കൊച്ചി നഗരം കാത്തിരിക്കുന്ന മെട്രോയുടെ സുപ്രധാന ഘട്ടമാണ് ആലുവയിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്ക് നീളുന്ന പാത. ആലുവയിൽനിന്ന് ദേശീയപാത 544ലൂടെ നീളുന്ന മെട്രോ പാത അകപ്പറമ്പിലെ അലീന വളവ് മേഖലയിൽനിന്ന് തിരിഞ്ഞുപോകുന്ന വിധത്തിലാണ് കെഎംആർഎൽ ആലോചിക്കുന്നത്. പിന്നീട്, കരിയാട് – എയർപോർട്ട് – മാട്ടൂർ റോഡ് വഴി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പാത എത്തിച്ചേരും. തുടർന്ന് എയർപോർട്ട് – അങ്കമാലി റോഡിലൂടെ എംസി റോഡിൽ പ്രവേശിച്ച് അങ്കമാലിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് കെഎംആർഎൽ പദ്ധതി ആലോചിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here