കുവൈത്തില്‍ ഫാമിലി വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്കാണ് വിസകള്‍ അനുവദിക്കുകയെന്നാണ് സൂചന. കഴിഞ്ഞ ജൂണിലാണ് കുവൈത്തില്‍ ഫാമിലി വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. പുതിയ സംവിധാനം നടപ്പാക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. പുതിയ നീക്കം ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസമാകും.
മൂന്ന് മാസം കാലാവധിയുള്ള ഫാമിലി വിസയാണ് കുവൈറ്റ് അനുവദിച്ചിരുന്നത്. കുവൈത്തില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ക്ക് വിസ ലഭിക്കാന്‍ നിലവിലെ നിയമപ്രകാരം 250 ദിനാര്‍ ആണ് കുറഞ്ഞ ശമ്പളനിരക്ക്. ടൂറിസ്റ്റ് വിസയ്ക്കും ഇതേ നിരക്കാണ് ഈടാക്കുന്നത്. അടുത്തിടെ സാമൂഹിക-സാംസ്‌കാരിക-കായിക രംഗത്തുള്ളവര്‍ക്ക് പുതിയ വിസ അനുവദിക്കാന്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫാമിലി വിസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങുമെന്ന് അല്‍ റായ് അടക്കമുള്ള പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ കുറച്ചു നാളുകളായി വിസ അനുവദിക്കുന്നതിന് പുതിയ നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നടപടികളുമായി കുവൈറ്റ് മുന്നോട്ടു പോകുകയാണ്. ഇത് സംബന്ധിച്ച പഠനങ്ങളും തുടരുന്നു. ഈ സാഹചര്യത്തിലാണ് താല്കാലിക വിലക്ക് ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ ഫാമിലി, വിസിറ്റ് വിസകള്‍ അനുവദിക്കേണ്ടെന്നാണ് ആറ് ഗവര്‍ണറേറ്റുകളിലെയും റെസിഡന്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്കും ലഭിച്ച നിര്‍ദ്ദേശം. കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവ് ഇറക്കിയത്. നേരത്തെ തന്നെ ഫാമിലി വിസകള്‍ അനുവദിക്കപ്പെട്ടവര്‍ക്ക് പുതിയ നിയന്ത്രണം ബാധകമായിരുന്നില്ല. എന്നാല്‍ ഓണ്‍ലൈനായി വിസ്‌ക്ക് അപേക്ഷിക്കുന്ന ഡോക്ടര്‍മാരെയും യൂറോപ്യന്‍ പൗരന്മാരെയും ഈ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.