തൃശ്ശൂര്‍: കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്ത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അതിപുരാതന നിര്‍മിതിയിലുള്ള കിണര്‍ കണ്ടെത്തി.
കളിമണ്ണില്‍ ചുട്ടെടുത്ത 80 സെന്റീമീറ്റര്‍ വ്യാസമുള്ള എട്ട് കട്ടിയുള്ള റിംഗുകള്‍ കൊണ്ട് നിര്‍മിച്ച കിണറാണ് അഞ്ചാംപരുത്തിയില്‍ പാര്‍ത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തില്‍ കണ്ടെത്തിയത്.
മാലിന്യം നിക്ഷേപിക്കാന്‍ പുരയിടത്തില്‍ കുഴിയെടുക്കുമ്ബോഴാണ് കിണര്‍ കണ്ടെത്തിയത്. ഭൂനിരപ്പില്‍ നിന്ന് ഏഴടി താഴ്ചയില്‍ ആരംഭിക്കുന്ന കിണറിന് കാലപ്പഴക്കം ഏറുമെന്നാണ് നിഗമനം. അഡ്വാന്‍സ് കാര്‍ബണ്‍ ഏജ് ടെസ്റ്റ് വഴി കൃത്യമായ പഴക്കം നിശ്ചയിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.
കാലപ്പഴക്കത്തിലും കേടുപാടുകളില്ലാത്ത കിണറിന് അടുത്തിടെ തമിഴ്‌നാട് കീലടിയിലെ ഉദ്ഖനനത്തില്‍ കണ്ടെത്തിയ ടെറാകോട റിംഗ് വെലിനോട് ഇതിന് സാമ്യമുണ്ട്. ടെറാകോട റിംഗ് വെലിന് 2,000 വര്‍ഷം പഴക്കം ഉണ്ടെന്നാണ് കാര്‍ബണ്‍ ഏജ് ടെസ്റ്റില്‍ വ്യക്തമായത്.
തൃക്കണാ മതിലകവും, മുസിരിസും ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ചരിത്ര പ്രാധാന്യം പരിഗണിച്ചാല്‍ പ്രാചീന-പരിഷ്‌കൃത സമൂഹം ഇവിടെ താമസിച്ചിരുന്നതിന്റെ സൂചനയാണ് കളിമണ്‍ കിണറെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡിസ് ഡയറക്ടര്‍ എം ആര്‍ രാഘവ വാര്യര്‍ ഉള്‍പെടെ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം എല്‍ എയും സ്ഥലം സന്ദര്‍ശിച്ചു. അതിപ്രാചീനമായ മനുഷ്യവാസത്തിന്റെ ശേഷിപ്പ്, ഭാവി തലമുറയ്ക്കും ചരിത്ര ഗവേഷകര്‍ക്കും ഏറെ ഉപകാരപ്പെടും. പുരാവസ്തു വകുപ്പിന്റെ അനുമതിയോടെ, കണ്ടെടുത്ത സ്ഥലത്തുതന്നെ കിണര്‍ സംരക്ഷിക്കണമെന്നാണ് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കൂടിയായ പാര്‍ത്ഥസാരഥി മാസ്റ്ററുടെ ആഗ്രഹം. വിവരമറിഞ്ഞതോടെ നിരവധി പേരാണ് കിണര്‍ കാണാന്‍ ഇവിടെ എത്തുന്നത്.