പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (Bharat Sanchar Nigam Limited (BSNL)) നവീകരിക്കാനുള്ള പദ്ധതികളുമായി കേന്ദ്ര സർക്കാർ. ഇതിനായി 89,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് പ്രഖ്യാപിച്ചു. അംഗീകൃത മൂലധനം (Authorised capital) 1.5 ലക്ഷം രൂപയിൽ നിന്ന് 2.10 ലക്ഷമായി വർദ്ധിപ്പിക്കാനും തീരുമാനമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
ബിഎസ്എൻഎല്ലിന് 4ജി/5ജി സ്‌പെക്ട്രം അനുവദിക്കുന്നതിനും അംഗീകാരമായി. യഥാക്രമം 46,338.60 കോടി രൂപ, 26,184.20 കോടി രൂപ, 6,564.93 കോടി രൂപ, 20428 കോടി രൂപ എന്നിങ്ങനെ വിലമതിക്കുന്ന 700 MHz, 3,300 MHz, 26 GHz, 2,500 MHz എന്നീ നാല് സ്പെക്‌ട്രം ബാൻഡുകളാണ് മന്ത്രിസഭ അനുവദിച്ചത്. വിവിധ പ്രോജക്റ്റുകൾക്ക് കീഴിൽ ഗ്രാമങ്ങളിലും ബിഎസ്എൻഎൽ സേവനം എത്താത്ത സ്ഥലങ്ങളിലും 4 ജി കവറേജ് നൽകാനും അതിവേഗ ഇന്റർനെറ്റ് കണക്ടിവിറ്റി ലഭ്യമാക്കാനും ബിഎസ്എൻഎൽ ലക്ഷ്യമിടുന്നുണ്ട്.
“ഈ പുനരുജ്ജീവന പാക്കേജിലൂടെ, ഇന്ത്യയുടെ ഉൾപ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്ഥിരതയുള്ള ടെലികോം സേവന ദാതാവായി ഉയർന്നു വരാനും ബിഎസ്എൻഎല്ലിനു സാധിക്കും”, എന്നും മന്ത്രിസഭായോഗം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
മോശം അടിസ്ഥാന സൗകര്യങ്ങളും, റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ തുടങ്ങിയ എതിരാളികൾ നിന്നുള്ള കനത്ത മത്സരവും ബിഎസ്എൻഎൽ നേരിടുന്ന വെല്ലുവിളികളാണ്. ഈ കമ്പനികളെല്ലാം തന്നെ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ 4 ജി വോയ്‌സ് കോളുകളും ഡാറ്റയും നൽകുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളിൽ ഒന്നാണെങ്കിലും ഈ മേഖലയിൽ ഏറ്റവും പിന്നിലാണ് ബിഎസ്എൻഎല്ലിന്റെ സ്ഥാനം. ബിഎസ്എൻഎൽ നേരിടുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും പുനരുജ്ജീവന പാക്കേജിലൂടെ ലക്ഷ്യമിടുന്നു.
ബിഎസ്എൻഎല്ലിനു വേണ്ടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആദ്യത്തെ പുനരുജ്ജീവന പാക്കേജല്ല ഇത്. 2019 ൽ 69,000 കോടി രൂപയുടെ പുനരുജ്ജീവന പാക്കേജിന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇത് കമ്പനിക്കു വേണ്ടി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആദ്യത്തെ പുനരുജ്ജീവന പാക്കേജ് ആയിരുന്നു.
4 ജി, 5 ജി സേവനങ്ങൾ നൽകുന്നതിന് 2022 ജൂലൈയിൽ ബിഎസ്എൻഎല്ലിന് 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ബിഎസ്എൻഎൽ, ബിബിഎൻഎൽ (Bharat Broadband Network Limited (BBNL)) എന്നീ കമ്പനികളെ കേന്ദ്രസർക്കാർ ലയിപ്പിക്കുകയും ചെയ്തിരുന്നു. ഈ ലയനത്തോടെ, രാജ്യത്തെ 1.85 ലക്ഷം ഗ്രാമപഞ്ചായത്തുകളിലായി 5.67 ലക്ഷം കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കൂടി ബിഎസ്എൻഎല്ലിന് സ്ഥാപിക്കാനായി. ഇത്തരം നീക്കങ്ങളെല്ലാം കമ്പനിയുടെ പ്രവർത്തന ലാഭം വർദ്ധിക്കാനും കാരണമായിരുന്നു.