ഇടുക്കി ചിന്നക്കനാലില്‍ നിന്നും ദൗത്യസംഘം പിടികൂടി നാടുകടത്തിയ അരിക്കൊമ്പന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനം ഇന്നുണ്ടായേക്കും. അരിക്കൊമ്പനെ കാട്ടില്‍ വിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഇന്ന് പരിഗണിയ്ക്കും. എറണാകുളം സ്വദേശി റബേക്ക ജോസഫ് നല്‍കിയ ഹര്‍ജിയാണ് പരിഗണിയ്ക്കുക.
കേസ് പരിഗണിയ്ക്കുന്നതു വരെ വനംവകുപ്പിന്റെ സംരക്ഷണയില്‍ ആനയെ സൂക്ഷിയ്ക്കണമെന്ന് ഇന്നലെ കോടതി നിര്‍ദേശിച്ചിരുന്നു. മയക്കം വിട്ടുണരുന്ന കാട്ടാനയെ ബന്ധിച്ച് സൂക്ഷിക്കുന്നതിലെ പ്രായോഗിക പ്രശ്‌നങ്ങളടക്കം വനംവകുപ്പ് അറിയിച്ചതോടെയാണ് ഹൈക്കോടതി ഇന്നലെ നിര്‍ദേശം മാറ്റി.
ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും തമിഴ്‌നാട്ടിലെ ജനവാസമേഖലയില്‍ ഇറങ്ങിയതോടെ ഇന്നലെ പുലര്‍ച്ചെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് ആനയെ മയക്കുവെടി വയ്ക്കുകയായിരുന്നു.