വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ ഒരു മാസത്തിലേറെയായി സംഘർഷം നിലനിൽക്കുമ്പോൾ, അതിന്റെ ആഘാതം ദേശീയ തലസ്ഥാനത്തും അലയടിക്കുന്നു. നിലവിൽ, ഡൽഹിയിലുള്ള മെയ്തേയ്, കുക്കി സമുദായങ്ങളിൽ നിന്നുള്ള മണിപ്പൂരി വിദ്യാർത്ഥികൾ തമ്മിലുള്ള ബന്ധം വഷളാകുന്ന നിലയാണ്.
ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള മുനിർകയിലും ഡൽഹി യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള വിജയ് നഗറിലു മാണ് മണിപ്പൂരിൽ നിന്നുള്ള വിദ്യാർത്ഥികൾ പ്രധാനമായും താമസിക്കുന്നത്. ഗോത്രവർഗക്കാരായ കുക്കി വിദ്യാർത്ഥികളും മെയ്തേയി വിദ്യാർത്ഥികളും തമ്മിൽ പരസ്പരം ഇടപഴകാനുള്ള സാഹചര്യങ്ങൾ ഒഴിക്കുകയാണ്.
“നേരത്തെ, മെയ്തേയിയും ഗോത്രവർഗ വിദ്യാർത്ഥികളും പരസ്പരം സുഹൃത്തുക്കളായിരുന്നു, എന്നാൽ ഇപ്പോൾ അവർ പരസ്പരം ഒഴിവാക്കുന്നത് പ്രത്യയശാസ്ത്രപരമായ സംഘർഷം അവർക്കിടയിൽ വാക്കേറ്റത്തിന് ഇടയാക്കുമെന്നതിനാലാണ്”, മണിപ്പൂരിലെ ഈ സാഹചര്യം മറ്റ് സമുദായങ്ങളിൽ നിന്നുള്ള സുഹൃത്തുക്കളുമായുള്ള തങ്ങളുടെ ബന്ധത്തെ എങ്ങനെ ബാധിക്കുന്നു എന്ന്, ജെഎൻയുവിൽ നിന്നുള്ള ഒരു എംഎസ്‌സി ഫിസിക്സ് വിദ്യാർത്ഥി പറഞ്ഞു.
ഇന്ത്യാ ടുഡേ ഡൽഹി യൂണിവേഴ്‌സിറ്റിയുടെ നോർത്ത് കാമ്പസിലെ ഗോത്രവർഗ വിദ്യാർത്ഥികളെ സമീപിച്ചപ്പോൾ, മാംഗ് വൈഫെ എന്ന വിദ്യാർത്ഥി പറഞ്ഞത്, എൻ്റെ ജന്മസ്ഥലത്ത് നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ തനിക്ക് വിഷമമുണ്ടാക്കി. മെയ് മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്റെ ഗ്രാമം കത്തിനശിച്ചതായും മണിപ്പൂരിലെ കാങ്‌പോക്പി ജില്ലയിലാണ് തന്റെ വീടെന്നും വിദ്യാർത്ഥി പറഞ്ഞു. കഴിഞ്ഞ ഏഴു വർഷമായി ഡൽഹിയിലാണ് താമസം. ബിരുദപഠനത്തിനായി ഇവിടെയെത്തിയതാണ്. ഇപ്പോൾ തദ്ദേശീയ പഠനത്തിൽ പിഎച്ച്‌ഡി പൂർത്തിയാക്കുകയാണ്.
“ആദ്യം, എനിക്ക് എന്റെ പിതാവിൽ നിന്ന് ഒരു കോൾ വന്നു, തുടർന്ന്, കത്തി നശിച്ച നിലയിലുള്ള എൻ്റെ വീടിന്റെ ചിത്രങ്ങൾ ലഭിച്ചു. ആ ദൃശ്യങ്ങൾ കണ്ടതിന് ശേഷം എനിക്ക് രാത്രികളും ഉറങ്ങാൻ കഴിഞ്ഞില്ല, ”വൈഫെ പറഞ്ഞു. “എന്റെ കുടുംബത്തിലെ എല്ലാ സാധനങ്ങളും ഇപ്പോൾ ചാരമാണ്,” വികാരാധീനനായി വൈഫെ കൂട്ടിച്ചേർത്തു.
മാംഗിന്റെ കുടുംബവും ബന്ധുക്കളും ഇപ്പോൾ മണിപ്പൂരിലെ പ്രാദേശിക ദുരിതാശ്വാസ ക്യാമ്പിലാണ്. ദിവസക്കൂലിക്കാരനാണ് അവന്റെ അച്ഛൻ, വീടും വരുമാനവുമില്ല. മാംഗ് ഇപ്പോൾ ഡൽഹിയിൽ ജീവിക്കാനും, കുടുംബത്തോടപ്പം ജീവിക്കാനും ബുദ്ധിമുട്ടുകയാണ്.
നാട്ടിലെ വിവരങ്ങൾ അറിഞ്ഞപ്പോൾ ക്ലാസിൽ കയറുന്നത് നിർത്തിയെന്നും പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷമാണ് അത് പുനരാരംഭിച്ചെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ നിന്ന് ഫോണിൽ വരുന്ന ശല്യപ്പെടുത്തുന്ന ദൃശ്യങ്ങൾ കാരണം എനിക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല,” അദ്ദേഹം വ്യക്തമാക്കി.
അതെ സമയം, മണിപ്പൂരിലെ കുക്കി, സോമി, മിസോ, ഹ്മർ സമുദായങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആദിവാസികൾ മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മെയ് 30 ന് ഡൽഹിയിലെ ജന്തർ മന്തറിൽ ഒത്തുകൂടിയിരുന്നു.
മെയ് 6 നാണ്, ഡിയുവിന്റെ നോർത്ത് കാമ്പസിൽ മെയ്റ്റിയും കുക്കിയും തമ്മിലുള്ള സംഘർഷം റിപ്പോർട്ട് ചെയ്തത്. മണിപ്പൂരിലെ സ്ഥിതിഗതികൾ നിലവിൽ ശാന്തമാണ്, എന്നാൽ ഇപ്പോഴും പല വിദ്യാർത്ഥികളുടെയും മനസ്സിൽ ഭയം അവശേഷിക്കുന്നു. ഗോത്രവർഗ വിദ്യാർഥികൾ പറയുന്നതനുസരിച്ച്, ഒന്നുകിൽ മണിപ്പൂരിൽ രാഷ്ട്രപതി ഭരണംഏർപ്പെടുത്തുക, അല്ലെങ്കിൽ ആദിവാസികൾക്ക് പ്രത്യേക യു.ടി. നൽക്കുക എന്നതാണ് ഈ പരിഹാരം.