കോവിഡാനന്തര രോഗങ്ങളാണ് യഥാര്‍ത്ഥ ഭീഷണിയെന്നും വിശ്രമിക്കാന്‍ സമയമായിട്ടില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇന്ത്യടുഡേ സൗത്ത് കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പോസ്റ്റ്-കോവിഡ് സിന്‍ഡ്രോം ഒന്നിലധികം അവയവങ്ങളെ ബാധിക്കുന്നതായി കാണുന്നുവെന്നും മന്ത്രി പറഞ്ഞു.
രോഗവ്യാപനം കുറയ്ക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുംഅവര്‍ കൂട്ടിച്ചേര്‍ത്തു. മഹാമാരിയില്‍ നിന്നും പഠിച്ച പാഠങ്ങളെക്കുറിച്ചും മന്ത്രി സംസാരിച്ചു. ‘സംസ്ഥാനം മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. കാരണം നമുക്ക് നല്ല സംവിധാനമുണ്ടായിരുന്നു. സംസ്ഥാനം രൂപീകരിച്ചത് മുതല്‍ ആരോഗ്യരംഗത്ത് സ്ഥിരതയോടെയാണ് നാം പ്രവര്‍ത്തിച്ചത്. വിദ്യാഭ്യാസ, ആരോഗ്യ സൂചികകളില്‍ രാജ്യത്തെ തന്നെ ഏറ്റവും മികച്ച സംസ്ഥാനമാണ് നമ്മുടേത്.
കേരളത്തിന്റെ ആയുര്‍ദൈര്‍ഘ്യം രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്നതാണ്. 2020 ല്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നാല്‍ ഞങ്ങള്‍ക്ക് നിപ വൈറസ് ബാധയെ നേരിട്ട് പരിചയം ഉണ്ടായിരുന്നു. ഞങ്ങളുടെ ആരോഗ്യ സംവിധാനം രോഗത്തിന്റെ തീവ്രത തിരിച്ചറിഞ്ഞ് പിപിഇ കിറ്റുകള്‍ ഉപയോഗിക്കാന്‍ തുടങ്ങി. ലോകാരോഗ്യ സംഘടന പ്രോട്ടോക്കോള്‍ ഉണ്ടാകുന്നതിന് മുമ്പുതന്നെ ഞങ്ങള്‍ക്ക് ഒരു പ്രോട്ടോക്കോള്‍ ഉണ്ടായിരുന്നു’ മന്ത്രി കൂട്ടിച്ചേര്‍ത്തു.