ഇന്ത്യാ ടുഡേ കോൺക്ലേവ് സൗത്ത് 2023-ന്റെ ഒന്നാം ദിവസം റാണ ദഗ്ഗുബതിയും ഭാഗമായിരുന്നു. ‘ഒരു പാൻ ഇന്ത്യൻ താരത്തിന്റെ ഉദയം: ഭാഷയുടെയും ഭൂമിശാസ്ത്രത്തിന്റെയും അതിരുകൾ എങ്ങനെ ഭേദിക്കാം’ എന്ന വിഷയവുമായി ബന്ധപ്പെട്ട സെഷനെയാണ് അദ്ദേഹം അഭിസംബോധന ചെയ്‌തത്. സെഷനിൽ റാണ ദഗ്ഗുബതി കഥപറയുമ്പോൾ അതിൽ ഭാഷ പ്രാധാന്യമർഹിക്കുന്നുണ്ടോ, സിനിമാ മേഖലയിലെ തന്റെ യാത്ര എങ്ങനെയായിരുന്നു തുടങ്ങിയവയെ കുറിച്ചും തന്റെ സൃഷ്ടികൾ കൊണ്ട് സിനിമയിൽ വ്യത്യസ്തമായ എന്തെങ്കിലും കൊണ്ടുവരാൻ താൻ എങ്ങനെയാണു ശ്രമിച്ചത് എന്നതിനെ കുറിച്ചും സംസാരിച്ചു.
ഒരു സിനിമയുടെ ഭാഷയെ കുറിച്ച്
ഞാൻ വളർന്നപ്പോൾ സിനിമ ഏത് ഭാഷയാണെന്ന കാര്യം എന്നെ അലട്ടിയിരുന്നില്ല. ഞാൻ ചെന്നൈയിൽ വളർന്ന് ഹൈദരാബാദിലേക്ക് മാറി. അങ്ങനെ ഞങ്ങൾ ഒരുപാട് തമിഴ് സിനിമകളും തെലുങ്ക് സിനിമകളും കണ്ടു, ആവശ്യത്തിന് മലയാളം സിനിമകളും അവിടെ ഉണ്ടായിരുന്നു. ഒരുപാട് ഇംഗ്ലീഷ് സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. അങ്ങനെ ഞാൻ ഒരു അഭിനേതാവായപ്പോൾ, അത് ഏത് ഭാഷയിലാണ് നിർമ്മിക്കുന്നതെന്ന് വിഷയമായിരുന്നില്ല.
എന്റെ ആദ്യ ചിത്രം തെലുങ്കിൽ ‘ലീഡർ’ എന്ന സിനിമയായിരുന്നു, അത് ഒരു പൊളിറ്റിക്കൽ ചിത്രമായിരുന്നു. ഞാൻ രാഷ്ട്രീയക്കാരനാകാനാണ് ശ്രമിക്കുന്നതെന്ന് പലരും കരുതി. ‘ദം മാരോ ദം’ എന്ന ഹിന്ദി ചിത്രമായിരുന്നു എന്റെ രണ്ടാമത്തെ ചിത്രം. ഒരു മികച്ച കഥയായിരിക്കുന്നിടത്തോളം കാലം നിങ്ങൾ ഇന്ത്യയിൽ എവിടെയായിരുന്നുവെന്നത് പ്രശ്‌നമല്ല. നാനാത്വത്തിലെ ഏകത്വത്തിൽ നിന്ന് ഒരു ഭാഗം എടുക്കുമ്പോൾ, സിനിമ അതിനെ എല്ലാത്തിലും ഏറ്റവും വലിയ രൂപത്തിലേക്ക് പ്രതിനിധീകരിക്കുന്നു എന്നാണ് ഞാൻ കരുതുന്നത്.
പലർക്കും ഹൈദരാബാദും ചെന്നൈയും തമ്മിലുള്ള വ്യത്യാസം അറിയില്ല
ആദ്യത്തെ അഞ്ച് വർഷം മുംബൈയിലെ ആളുകളോട് ഞാൻ ചെന്നൈയിൽ നിന്നല്ല, ഹൈദരാബാദിൽ നിന്നാണെന്ന് പറഞ്ഞു മടുത്തു. കാരണം അവർക്ക് അതിന്റെ വ്യത്യാസം അറിയില്ല. ‘നമുക്ക് ഹിന്ദിയിൽ സിനിമയെടുക്കാം’ എന്ന് തെലുങ്ക് നിർമ്മാതാക്കളെ ബോധ്യപ്പെടുത്തുന്നതായിരുന്നു രണ്ടാമത്തെ കാര്യം. എല്ലാ ഇൻഡസ്ട്രികളും ഇതുതന്നെയാണ് ചെയ്യുന്നതെങ്കിലും ആരും പരസ്‌പരം സംസാരിച്ചില്ല. പിന്നീട് ബാഹുബലിയും ഗാസിയും ഈ നില തകർക്കുന്ന രണ്ട് ചിത്രങ്ങളായി വന്നു.
ശരിയായ കഥകൾ എന്റെ വഴിയിൽ വന്നു
രണ്ട് വ്യത്യസ്‌ത ഭാഷകളിൽ നിർമ്മിച്ച തന്റെ ആദ്യ രണ്ട് സിനിമകൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് സംസാരിച്ച റാണ പറഞ്ഞു, “ശരിയായ കഥകൾ എന്റെ വഴിയ്ക്ക് വന്നു, വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന മികച്ച സംവിധായകർ. ഞാൻ ലീഡർ എന്ന സിനിമ ചെയ്യുമ്പോൾ, തെലുങ്ക് പൂർണ്ണമായും വാണിജ്യപരമായിരുന്നു, ഒരുപാട് പാട്ടുകളും നൃത്തങ്ങളും ആക്ഷൻ സീക്വൻസുകളും ഉള്ളതായിരുന്നു. പക്ഷേ, നൃത്തമോ ആക്ഷൻ രംഗങ്ങളോ ഇല്ലാത്ത, രോമാഞ്ചിപ്പിക്കുന്ന രാഷ്ട്രീയ കഥ പറയുന്ന ആദ്യ സിനിമയായിരുന്നു എന്റെ സിനിമ. അതുകൊണ്ട് കഥപറച്ചിലിലെ ഈ മാറ്റങ്ങളിൽ ഞാനും ഒരു ഭാഗമായിരുന്നുവെന്നും അത് സിനിമയിലെ എന്റെ വളർച്ചയാണെന്നും ഞാൻ കരുതുന്നു.”.