ജന്തര്‍ മന്ദറില്‍ പ്രതിഷേധം തുടരുന്ന ഗുസ്തിതാരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി നടി അപർണ ബാലമുരളി. താരങ്ങളെ റോഡില്‍ വലിച്ചിഴക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ‘നമ്മുടെ ചാമ്പ്യന്‍മാരോട് ഇത്തരത്തില്‍ പെരുമാറുന്നത് കാണുന്നത് ഹൃദയഭേദകമാണെന്നായിരുന്നു’ അപര്‍ണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.
ഒട്ടേറെപേരാണ് ഗുസ്തിതാരങ്ങള്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
അന്താരാഷ്ട്ര വേദികളില്‍ അഭിമാനപൂര്‍വം ദേശീയ പതാക വീശിയ ഇന്ത്യയുടെ പുത്രിമാരെ ഇപ്പോള്‍ അതേ പതാകയുമായി തെരുവില്‍ വലിച്ചിഴക്കപ്പെടുകയാണെന്ന് മലയാളി ഫുട്‌ബോള്‍ താരം സി.കെ വിനീത് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ദിവസം പ്രതിഷേധിച്ച സാക്ഷി മാലിക് ഉള്‍പ്പെടെയുള്ള താരങ്ങളെ പൊലീസ് ബലം പ്രയോഗിച്ചും വലിച്ചിഴച്ചും സംഭവസ്ഥലത്തു നിന്നും നീക്കം ചെയ്തിരുന്നു. ജന്തര്‍മന്തറിലെ സമരവേദിയും പൊലീസ് പൊളിച്ചു നീക്കിയിരുന്നു. അറസ്റ്റ് ചെയ്ത വനിതാ താരങ്ങളെ വൈകീട്ടോടെ വിട്ടയച്ചെങ്കിലും ബജ്‌റംഗ് പൂനിയയെ പൊലീസ് രാത്രി ഏറെ വൈകിയാണ് മോചിപ്പിച്ചത്.