‘ദി കേരള സ്റ്റോറി’യുടെ സംവിധായകന്‍ സുദീപ്തോ സെന്നിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജലീകരണവും അണുബാധയും മൂലമാണ് സംവിധായകനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
“നിർജ്ജലീകരണവും അണുബാധയും കാരണം കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ ആരോഗ്യനില നിയന്ത്രണത്തിലാണ്. ഇന്ന് എന്നെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്. എന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഞാൻ ഡോക്ടറോട് അഭ്യർത്ഥിച്ചിട്ടുണ്ട്” – ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിച്ച സുദീപ്തോ സെൻ പറഞ്ഞു.
പ്രമേയം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ദി കേരള സ്റ്റോറി’. കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വൻ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നത്. പല സംസ്ഥാനങ്ങളും സിനിമ നിരോധിക്കുകയും ചെയ്തിരുന്നു. വിവാദങ്ങൾക്കിടെ റിലീസ് ചെയ്ത് ചിത്രം ആദ്യ ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.