പുതിയ പാര്‍ലമെന്റ് മന്ദിരം മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ പാര്‍ലമെന്റ് മന്ദിരം റെക്കോര്‍ഡ് സമയം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 60,000 നിര്‍മ്മാണ തൊഴിലാളികളെ പ്രധാനമന്ത്രി ആദരിക്കും. ഈ മന്ദിരം പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തെ കാണിക്കുന്നവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോട് അനുബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അമിത് ഷാ.
‘ചെങ്കോൽ’ വീണ്ടും അവതരിപ്പിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു. ‘ഒരു ചരിത്ര സംഭവം ആവര്‍ത്തിക്കുകയാണ്. തമിഴില്‍ ഇതിനെ സെങ്കോള്‍ എന്ന് വിളിക്കുന്നു. ഇത് ചരിത്രപരമാണ്. കൂടാതെ ഇത് രാജ്യത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടതുമാണ്. ചെങ്കോൽ ഒരു സാംസ്‌കാരിക പൈതൃകമാണ്. 1947 ഓഗസ്റ്റ് 14 മായി ബന്ധപ്പെട്ട ഇത് ചരിത്രത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍, ഇത്രയും വര്‍ഷമായിട്ടും ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടില്ല. ഓഗസ്റ്റ് 14-ന് ബ്രിട്ടീഷുകാരില്‍ നിന്ന് നെഹ്റുവാണ് ചെങ്കോൽ സ്വീകരിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തില്‍, പ്രത്യേകിച്ച് തമിഴ് സംസ്‌കാരത്തില്‍ ചെങ്കോലിന് വലിയ പ്രാധാന്യമുണ്ട്. ചോള രാജവംശത്തിന്റെ കാലം മുതല്‍ ഇതിന് പ്രാധാന്യമുണ്ട്. ഇത് പുതിയ പാര്‍ലമെന്റില്‍ സൂക്ഷിക്കും’, അദ്ദേഹം പറഞ്ഞു.
ഇതിനിടെ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി (എഎപി), ശിവസേന (യുബിടി), തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി), ജനതാദള്‍ (യുണൈറ്റഡ്) എന്നിവയുള്‍പ്പെടെ 19 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു സംയുക്ത പ്രസ്താവന ഇറക്കി. മെയ് 28 ന് നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിരിക്കുന്നത്.