ഹിന്ദി ടെലിവിഷന്‍ രംഗത്തെ ഞെട്ടിച്ച് തുടര്‍ച്ചയായ മൂന്നാം മരണം. ആദിത്യ സിംഗ് രജ്പുത്തിനും വൈഭവി ഉപാധ്യായക്കും പിന്നാലെ നടന്‍ നിതേഷ് പാണ്ഡെയെയും നഷ്ടമായി. 51-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മരണസമയത്ത് അദ്ദേഹം മുംബൈയിലെ ഇഗത്പുരിയിലായിരുന്നു. രൂപാലി ഗാംഗുലിയുടെ ഹിറ്റ് ടിവി ഷോയായ ‘അനുപമ’യിലെ ധീരജ് കപൂര്‍ എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ താരമായിരുന്നു അദ്ദേഹം.
1990-ല്‍ നാടകരംഗത്ത് നിന്നാണ് നിതേഷ് പാണ്ഡെ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. 1995-ല്‍ തേജസ് എന്ന സിനിമയില്‍ ഡിറ്റക്ടീവായി അഭിനയിച്ചു. മന്‍സിലേന്‍ അപ്‌നി അപ്നി, അസ്തിത്വ…ഏക് പ്രേം കഹാനി, സായ, ജുസ്തജൂ, ദുര്‍ഗേഷ് നന്ദിനി തുടങ്ങിയ സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചു. ഓം ശാന്തി ഓം, ബദായ് ദോ തുടങ്ങിയ സിനിമകളിലും അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
കൂടാതെ ഡ്രീം കാസില്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു സ്വതന്ത്ര പ്രൊഡക്ഷന്‍ ഹൗസും അദ്ദേഹം നടത്തിവന്നിരുന്നു. ഖോസ്ല കാ ഘോസ്ലയിലെ അദ്ദേഹത്തിന്റെ പ്രകടനം വളരെയധികം പ്രശംസ നേടിക്കൊടുത്തു. അനുപമ, പ്യാര്‍ കാ ദര്‍ദ് ഹേ മീഠാ മീഠാ പ്യാരാ പ്യാരാ എന്നിവയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യന്‍ ടെലിവിഷനില്‍ അറിയപ്പെടുന്ന മുഖമായിരുന്നു അദ്ദേഹം.
ഉത്തരാഖണ്ഡിലെ അല്‍മോറ കുമയൂണ്‍ സ്വദേശിയായ നിതേഷ് രണ്ട് തവണ വിവാഹം കഴിച്ചിട്ടുണ്ട്. 2003 ല്‍ ജുസ്തജൂ എന്ന ടിവി ഷോയില്‍ കണ്ടുമുട്ടിയ നടി അര്‍പിത പാണ്ഡെയെ വിവാഹം കഴിച്ചു. മുമ്പ് നടി അശ്വിനി കല്‍സേക്കറെയും നിതേഷ് വിവാഹം കഴിച്ചിരുന്നു.