റഷ്യൻ താരവുമായുള്ള ബന്ധത്തിന്റെ പേരിൽ ബിൽ ഗേറ്റ്‌സിനെ ലൈംഗിക കുറ്റവാളിയായ വ്യവസായി ഭീഷണിപ്പെടുത്തിയിരുന്നെന്ന് റിപ്പോർട്ട്.

0
56

റഷ്യൻ യുവതിയുമായുള്ള ബിൽ ഗേറ്റ്‌സിന്റെ ബന്ധം പുറംലോകത്തിന് വെളിപ്പെടുത്തുമെന്ന് ലൈംഗിക കുറ്റവാളിയായ വ്യവസായി ജെഫ്രി എപ്സ്റ്റീൻ ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകൾ. തൻ്റെ ചാരിറ്റി സംരംഭത്തിൽ പങ്കുചേരാൻ ഗേറ്റ്‌സ് വിസമ്മതിച്ചതോടെയാണ് ചീട്ടുകൾ ഉപയോഗിച്ചുള്ള ബ്രിഡ്ജ് കളിയിൽ അഗ്രഗണ്യയായ റഷ്യൻ യുവതിയുമായുള്ള ബന്ധം പുറത്താക്കുമെന്ന് എപ്‌സറ്റീൻ ഭീഷണിയുയർത്തിയിരുന്നത്.

മില ആൻ്റോനോവ എന്ന റഷ്യൻ യുവതിയുമായുള്ള ബന്ധം പരാമർശിച്ചുള്ള ഭീഷണികൾ 2017 ഇമെയിൽ രൂപത്തിലാണ് എപ്സ്റ്റീൻ ഗേറ്റ്‌സിന് അയച്ചതെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിട്ട് പൊതുസമൂഹത്തിൻ്റെ അധിക്ഷേപത്തിന് ഇരയായിരുന്ന എപ്സ്റ്റീൻ 2019ൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മരണത്തിന് വർഷങ്ങൾക്കു ശേഷമാണ് പുതിയ ആരോപണങ്ങൾ പുറത്തുവരുന്നത്.

2010ൽ ഒരു കാർഡ്‌സ് ടൂർണമെൻ്റിനിടെയാണ് ഗേറ്റ്‌സ് ആൻ്റോനോവയെ പരിചയപ്പെടുന്നതെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി നോക്കാനായി ബേ ഏരിയയിലേക്ക് താമസം മാറിയെത്തിയതായിരുന്നു ആൻ്റോനോവ.

ഗേറ്റ്‌സുമായി സൗഹൃദമുണ്ടെന്ന് 2010ലെ ഒരു വീഡിയോയിൽ ആൻ്റോനോവ പരാമർശിച്ചിരുന്നു. എന്നാൽ, മുൻഭാര്യയായിരുന്ന മെലിൻഡ ഗേറ്റ്‌സുമായി വിവാഹബന്ധത്തിൽ തുടരുമ്പോൾത്തന്നെ ആൻ്റോനോവയുമായി ഗേറ്റ്‌സിന് പ്രണയബന്ധമുണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ.

ജെപി മോർഗൻ ചേസുമായി ചേർന്ന് എപ്സ്റ്റീൻ ആരംഭിക്കാൻ ശ്രമിച്ചിരുന്ന കോടികൾ മൂല്യമുള്ള ചാരിറ്റി പദ്ധതിയിൽ നിന്നും ഗേറ്റ്‌സ് പിന്മാറിയതിനെത്തുടർന്നാണ് ഭീഷണിക്കത്ത് അയച്ചതെന്നും പത്രം റിപ്പോർട്ട് ചെയ്യുന്നു. ഗേറ്റ്‌സ് ഫൗണ്ടേഷനു വേണ്ടി ഫണ്ടുകൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായി 2010ൽ എപ്സ്റ്റീനുമായി ചില കൂടിക്കാഴ്ചകൾ നടത്തിയിരുന്നെന്നും അതിൽ കുറ്റബോധമുണ്ടെന്നും ബിൽ ഗേറ്റ്‌സ് മുൻപ് തുറന്നുപറഞ്ഞിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ വേശ്യാവൃത്തിയ്ക്ക് ഉപയോഗപ്പെടുത്തിയതിൻ്റെ പേരിൽ എപ്സ്റ്റീൻ നിയമനടപടി നേരിട്ടത് ഇതിനും മുൻപ്, 2008ലായിരുന്നു.

എപ്സ്റ്റീൻ്റെ ഭീഷണികൾക്ക് ഗേറ്റ്‌സ് വഴങ്ങിയിരുന്നില്ലെന്നും, ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിട്ടില്ലെന്നും ബിൽ ഗേറ്റ്‌സിൻ്റെ വക്താവ് വിശദീകരിക്കുന്നുണ്ട്. അതേസമയം, എപ്സ്റ്റീൻ യഥാർത്ഥത്തിൽ ആരാണെന്ന് പരിചയപ്പെടുമ്പോൾ തനിയ്ക്ക് അറിയില്ലായിരുന്നെന്നാണ് ആൻ്റോനോവ വാൾ സ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചിരിക്കുന്നത്. ‘അയാൾ വിജയകരമായി മുന്നോട്ടു പോകുന്ന ഒരു ബിസിനസ്സുകാരനാണെന്നേ ഞാൻ കരുതിയിരുന്നുള്ളൂ. അയാൾ ചെയ്ത കാര്യങ്ങളെക്കുറിച്ചോർക്കുമ്പോൾ എനിക്ക് വെറുപ്പാണ് തോന്നുന്നത്.’ ബിൽ ഗേറ്റ്‌സുമായി ഉണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന ബന്ധത്തെക്കുറിച്ച് സംസാരിക്കാൻ ആൻ്റോനോവ തയ്യാറായില്ല.

ഗേറ്റ്‌സുമായി ഒന്നിച്ച് ടൂർണമെൻ്റിൽ പങ്കെടുത്ത ശേഷം ആൻ്റോനോവ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചിരുന്നു. അതിൻ്റെ ഭാഗമായി ഗേറ്റ്‌സിൻ്റെ അന്നത്തെ ഉപദേശകരിലൊരാളായ ബോറിസ് നികോളിക്കാണ് ആൻ്റോനോവയെ എപ്സ്റ്റീനു പരിചയപ്പെടുത്തിയത്. തൻ്റെ സോഫ്റ്റ്‌വെയർ പഠനത്തിനു വേണ്ട സാമ്പത്തിക സഹായം ചെയ്യാമെന്ന് എപ്സ്റ്റീൻ വാഗ്ദാനം ചെയ്തതായി ആൻ്റോനോവ പറയുന്നു.

ലൈംഗിക കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടതിനെത്തുടർന്ന് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു അക്കാലത്ത് എപ്സ്റ്റീൻ. ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് തിരിയാൻ ശ്രമിച്ചതും അതുകൊണ്ടുതന്നെ. എന്നാൽ, ഗേറ്റ്‌സിൻ്റെ സഹായം ലഭിക്കില്ലെന്നു കണ്ടതോടെ ഭീഷണിയടക്കമുള്ള മറ്റു വഴികൾ നോക്കുകയായിരുന്നു.

നേരത്തേയും ബിൽ ഗേറ്റ്‌സിന് വിവാഹേതര പ്രണയബന്ധങ്ങളുണ്ടായിരുന്നതായി വാർത്തകൾ വന്നിട്ടുണ്ട്. മൈക്രോസോഫ്റ്റിലെ ഒരു ജീവനക്കാരിയുമായി ഇരുപതു വർഷം നീണ്ട ബന്ധം തനിക്കുണ്ടായിരുന്നുവെന്നും ഗേറ്റ്‌സ് വെളിപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here